വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 30 കോടിയുടെ മയക്ക് മരുന്ന് നെടുമ്പാശേരിയില്‍ പിടികൂടി

കൊച്ചി: നെടുമ്പാശേരിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. 30 കോടി രൂപ വിലവരുന്ന എംഡിഎംഎ ലഹരിമരുന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് പിടികൂടിയത്. പാലക്കാട് സ്വദേശികളായ രണ്ടുപേരെ സംഭവത്തില്‍ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

എക്സ്റ്റസി എന്ന പേരിലറിയപ്പെടുന്ന മെഥലിന്‍ ഡയോക്‌സി മെതാംഫിറ്റമിന്‍(എംഡിഎംഎ) വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് നെടുമ്പാശേരി ഭാഗത്ത് നിന്ന് എക്‌സൈസ് സംഘം പിടികൂടിയത്. പിടിയിലായ സംഘം വന്നതെന്ന് കരുതുന്ന വാഹനവും പരിസരത്ത് നിന്ന് പൊലീസ് പിടിച്ചെടുത്തു. അഫ്ഗാനിസ്ഥാനില്‍ നിന്ന് ദില്ലി വഴി പാലക്കാട്ടേക്ക് മരുന്ന് എത്തിക്കാനായിരുന്നു നിര്‍ദേശമെന്ന് പ്രതികള്‍ മൊഴി നല്‍കി. പാലക്കാട് നിന്ന് ട്രോളി ബാഗിന്റെ ഫഌപ്പിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് ഗള്‍ഫിലെത്തിക്കാനായിരുന്നു നിര്‍ദേശം. ആരാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനെപ്പറ്റി പിടിയിലായവര്‍ക്ക് ധാരണയില്ല. വാട്‌സ് ആപ്പ് വഴിയാണ് ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ കിട്ടിയിരുന്നത്.

നിശാപാര്‍ട്ടിയിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന എംഡിഎംഎ മരുന്ന് മലപ്പുറം, നിലമ്പൂര്‍ മേഖലകളില്‍ ഇതിന് മുന്‍പും ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഈ മരുന്നിന്റെ ഉപയോഗം നടക്കുന്നതായും സൂചന ലഭിച്ചിരുന്നു. ഗ്രാമിന് നാലായിരം രൂപ വരെ വില വാങ്ങിയാണ് മാരക മയക്കുമരുന്നായ എംഡിഎംഎ വിതരണം ചെയ്യുന്നത്. നേരത്തെ അഞ്ച് കോടി രൂപയുടെ എംഡിഎംഎ മയക്കുമരുന്ന് കൊച്ചിയില്‍ നിന്ന് പിടികൂടിയിരുന്നു. ഇതിന്റെ ഭാഗമായ അന്വേഷണത്തിലാണ് നെടുമ്പാശേരി വഴി വിദേശത്തേക്ക് കടത്താന്‍ കൊണ്ടുവന്ന മയക്കുമരുന്ന് പിടികൂടിയത്.

DONT MISS
Top