പിഎന്‍ബി തട്ടിപ്പ് നടന്നതെപ്പോള്‍? 2017-18 കാലത്തെന്ന് സിബിഐ, യുപിഎ കാലത്തെന്ന് കേന്ദ്രപ്രതിരോധമന്ത്രി

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ശതകോടികളുടെ ക്രമക്കേട് നടന്നത് 2017-18 കാലഘട്ടത്തിലെന്ന് സിബിഐ. സംഭവവുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിച്ചിരിക്കുന്ന പ്രഥമവിവര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ക്രമക്കേട് മുഴുവനും നടന്നത് 2017-18 കാലഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും അവകാശവാദങ്ങള്‍ക്ക് തിരിച്ചടിയാണ് സിബിഐയുടെ എഫ്‌ഐആര്‍. അതേസമയം, കോണ്‍ഗ്രസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കേന്ദ്രപ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്തെത്തി. ക്രമക്കേടുകള്‍ നടന്നത് യുപിഎയുടെ കാലത്താണെന്ന് മന്ത്രി ആവര്‍ത്തിച്ചു.

നീരവ് മോദി ഉള്‍പ്പെട്ട ബാങ്ക് തട്ടിപ്പ് ആരംഭിച്ചത് യുപിഎയുടെ ഭരണകാലത്താണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞ ഉടനെ എന്‍ഡിഎ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ നീരവ് മോദിയെ സര്‍ക്കാര്‍ കുടുക്കിയിരിക്കും. കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഭരണത്തില്‍ ഇരുന്നപ്പോള്‍ കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും കോണ്‍ഗ്രസ് കൈക്കൊണ്ടില്ല. വേണ്ടതൊന്നും കോണ്‍ഗ്രസ് ചെയ്തില്ല, അത് ഞങ്ങളാണ് ചെയ്യുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നീരവുമായി അടുത്ത ബന്ധമുണ്ടെന്ന് നിര്‍മല സീതാരാമന്‍ ആരോപിച്ചു. 2013 സെപ്തംബര്‍ 13 ന് മെഹലു ചൊക്‌സിയുടെ ഗീതാഞ്ജലി ജെംസിന്റെ പ്രൊമോഷണല്‍ പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു. എന്‍എസ്ഇ ഈ കമ്പനിക്ക് ബിസിനസ് ചെയ്യുന്നതിന് ആറുമാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയതിന് ശേഷമായിരുന്നു ഇത്. നീരവിനൊപ്പം രാഹുല്‍ നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. നീരവ് മോദിയുടെ കമ്പനി പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വിയുടെ ഭാര്യയുടെ കെട്ടിടത്തിലാണ്. നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

എന്നാല്‍ എല്ലാ ക്രമക്കേടുകളും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് നടന്നിരിക്കുന്നതെന്ന നിലപാടിലാണ് സിബിഐ. ക്രമക്കേട് 2011 ല്‍ ആരംഭിച്ചിരുന്നെങ്കില്‍ തട്ടിപ്പിന്റെ വ്യാപ്തി 11, 300 കോടിയില്‍ ഒതുങ്ങില്ലായിരുന്നെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി കോണ്‍ഗ്രസും രംഗത്തെത്തി. നീരവ് മോദിയുമായി പ്രധാനമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും തട്ടിപ്പ് നടന്നിരിക്കുന്നത് പ്രധാനമന്ത്രിയുടെ അറിവോടെയാണെന്നും കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ ആരോപിച്ചു.

അതിനിടെ കേസില്‍ ഇന്ന് മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്ക് മുംബൈ ശാഖയിലെ മുന്‍ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി ഉള്‍പ്പെടെ മൂന്ന് പേരെയാണ് അന്വേഷണ ഏജന്‍സിയായ സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷെട്ടിക്ക് പുറമെ പിഎന്‍ബി എസ്ഡബ്ലുഒ (സിംഗിള്‍ വിന്‍ഡോ ഓപ്പറേറ്റര്‍) മനോജ് ഖാരാട്ട്, നീരവ് മോദി ഗ്രൂപ്പിന്റെ ഓതറൈസ്ഡ് സിഗ്നേച്ചറി ഹേമന്ത് ഭട്ട് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കേസിലെ ആദ്യ അറസ്റ്റുകളാണിത്. ഇവരെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സിബിഐ ചോദ്യംചെയ്യുകയായിരുന്നു എന്നാണ് വിവരം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top