‘കടലില്‍ കുളിച്ചവനെ കുളത്തിന്റെ ആഴം കാണിച്ച് പേടിപ്പിക്കരുത്, നടക്കാന്‍ പഠിച്ചത് തലശേരിയില്‍നിന്ന്, മുങ്ങിപോകില്ല; ദുബായില്‍നിന്ന് ബിനീഷ് കോടിയേരി

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരെയുള്ള ദുബായിയിലെ ചെക്ക് കേസ് ഒത്തുതീര്‍പ്പായതിന് പിന്നാലെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സഹോദരന്‍ ബിനീഷ് കോടിയേരി. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ബിനീഷിന്റെ പ്രതികരണം. തനിക്ക് ദുബായിലെത്താന്‍ വിലക്കില്ലെന്ന് തെളിയിക്കുന്നതിന് വേണ്ടി  ബുര്‍ജ് ഖലീഫയില്‍നിന്നായിരുന്നു ബിനീഷിന്റെ പ്രതികരണം. തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് ലെെവിലെത്തിയതെന്നും ബിനീഷ് പറയുന്നു.

ബിനീഷ് ലെെവില്‍ പറയുന്നത്,

താന്‍ ആദ്യമായാണ് ഫെയ്‌സ്ബുക്കില്‍ ലൈവ് വരുന്നത്. എന്നാല്‍ ദുബായിയില്‍ വന്നാല്‍ ലൈവില്‍ വരണമെന്ന് തന്റെ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ദുബായ് ആണെന്ന് തന്നെയാണ് തോന്നുന്നതെന്ന് ബുര്‍ജ് ഖലീഫയുടെ മുന്നില്‍ നിന്ന് ബിനീഷ് പറയുന്നുണ്ട്.

ഇത് ബുര്‍ജ് ഖലീഫയാണെന്നാണ് തോന്നുന്നതെന്നും ഇനി ബുര്‍ജ് ഖലീഫ ഉണ്ടാക്കിവെച്ച് താനതിന് മുന്നില്‍നിന്ന് സംസാരിക്കുകയാണെന്ന് പറയരുതെന്നും ബിനീഷ് പറയുന്നു. ദുബായ് ആണെന്ന് ഒന്നും കൂടി ബോധ്യപ്പെടുത്താനാണ് താനിത് പറയുന്നത്.

തന്നെ വിശ്വസിക്കുന്ന സുഹൃത്തുക്കള്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ ലൈവില്‍ വന്നത്. താന്‍ മുമ്പ് പറഞ്ഞിരുന്നു കടലില്‍ കുളിച്ചവനെ കുളത്തിന്റെ ആഴം കാണിച്ച് പേടിപ്പിക്കാന്‍ നോക്കരുത്. നിങ്ങള്‍ വിചാരിച്ചത് ഞാന്‍ കുളത്തില്‍ വീണെന്നും മുങ്ങി പോയെന്നുമല്ലേ, അത് കണ്ട് കുറെ പേര്‍ കൈകൊട്ടി ചിരിച്ചു.

നിങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടി കുളത്തിന്റെ അകത്ത് കുറച്ച് നേരം മുങ്ങികിടന്ന് അതിലെ പായലൊക്കെ എടുത്ത് വൃത്തിയാക്കി മുകളിലോട്ട് വന്നതല്ലേ, നിങ്ങള്‍ക്ക് ആവശ്യമുള്ള സമയത്ത് ഞാന്‍ കുളത്തിന്റെ അരികില്‍ നില്‍ക്കാം. വേണമെങ്കില്‍ നിങ്ങള്‍ തള്ളിയിട്ടോ അപ്പോഴും നിങ്ങള്‍ വിചാരിക്കും ഞങ്ങള്‍ മുങ്ങിപോയെന്ന്.

എന്നാല്‍ അങ്ങനെ മുങ്ങിപോകുന്ന രീതിയിലൊന്നുമല്ല വളര്‍ന്നത്. ഞാന്‍ നടക്കാന്‍ പഠിച്ചത് തലശേരിയില്‍ നിന്നാണെന്നും ബിനീഷ് പറയുന്നു. ലൈവില്‍ വന്നത് സഖാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുവേണ്ടിയാണ്. ഇതിനോട് നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും പ്രതികരിക്കാം അതിന് തനിക്ക് താല്‍പര്യമില്ലെന്നും ബിനീഷ് പറയുന്നു.

DONT MISS
Top