“എല്ലാ കാര്യങ്ങളെയും പോസിറ്റീവായി കാണാനാണ് പ്രവാചകന്‍ പഠിപ്പിച്ചത്”; വെള്ളിയാഴ്ച ‘ഖുതുബ’ യിലും തരംഗമായി മാണിക്യമലര്‍

കുവൈത്ത് സിറ്റി: ഇതിനകം ആഗോള തരംഗമായി മാറിയ മാണിക്യമലരായ എന്ന ഗാനം മുസ്ലിംകളുടെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയില്‍ നടക്കുന്ന ‘ഖുതുബ’ (ഉദ്‌ബോധന പ്രസംഗം) യിലും വിഷയമായി. കുവൈത്തിലെ ഫഹാഹീല്‍ പ്രദേശത്തെ പള്ളിയില്‍ കഴിഞ്ഞ ദിവസം നടന്ന മലയാളം ഖുതുബയിലാണു മാണിക്യ മലരും പാട്ടിന്റെ ചരിത്ര പശ്ചാത്തലവും അവതരിപ്പിച്ചു കൊണ്ടുള്ള ഖുതുബ നടന്നത്.

യുവ പണ്ഠിതനും ജമാ അത്തെ ഇസ്ലാമിയുടെ പോഷക ഘടകമായ കെഐജി നേതാവുമായ ഫൈസല്‍ മഞ്ചേരിയാണു ഖുത്തുബ പ്രഭാഷണം നടത്തിയത്. സോഷ്യല്‍ മീഡിയകളില്‍ ഖുത്തുബ ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുകയാണു. പ്രവാചകന്റെ പ്രിയ പത്‌നി ഖദീജയുടെ പേരില്‍ ഇറങ്ങിയ ഒരു പാട്ടിന്റെ പേരിലാണ് ഇപ്പോള്‍ വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നതെന്നും സത്യ വിശ്വാസികളെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും പോസിറ്റീവായി കാണുക എന്നതാണു പ്രവാചകന്‍ പഠിപ്പിച്ചു തന്നത് എന്നു പറഞ്ഞു കൊണ്ടാണു പ്രഭാഷകന്‍ ഖുതുബ ആരംഭിക്കുന്നത്.

അനാവശ്യ കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക എന്നതും പ്രവാചക മാതൃകയാണെന്നും ഉണര്‍ത്തുന്ന പ്രഭാഷണത്തില്‍ പാട്ടിന്റെ പേരില്‍ മത വികാരം വ്രണപ്പെടുമെന്ന് മുറവിളി കൂട്ടുന്നതിനു പകരം അത്തരക്കാരെ അവരുടെ പാട്ടിനു വിടുന്നതാണു സത്യ വിശ്വാസികള്‍ക്ക് കരണീയം എന്നും ഓര്‍മ്മപ്പെടുത്തുന്നു.

എന്നാല്‍ അതോടൊപ്പം തന്നെ അവസരങ്ങളെ ഉപയോഗപ്പെടുത്തുക എന്നതും വിശ്വാസികള്‍ക്ക് കരണീയമായ കാര്യ്മാണു. അങ്ങിനെയെങ്കില്‍ വിവാദ ഗാനത്തിലെ കേന്ദ്ര കഥാപാത്രമായ ഖദീജ യുടെ യതാര്‍ത്ഥ ചരിത്രം സമൂഹത്തിനു പരിചയപ്പെടുത്തുകയാണു വേണ്ടതെന്ന് ഉണര്‍ത്തി കൊണ്ടാണു ഖുതുബയില്‍ ഉടനീളം ഖദീജ യുടെയും പ്രവാചകന്റെയും വിവാഹത്തോട് അനുബന്ധിച്ച ചരിത്രം അനാവരണം ചെയ്യുന്നത്. ഖുത്തുബയെ വിമര്‍ശ്ശിച്ചും അനുകൂലിച്ചും സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ചര്‍ച്ച കൊഴുക്കുകയാണു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top