ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്ന് പിസി വിഷ്ണുനാഥും കുമ്മനം രാജശേഖരനും

പിസി വിഷ്ണുനാഥ്, കുമ്മനം രാജശേഖരന്‍

കൊച്ചി: ചെങ്ങന്നൂരില്‍ നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മണ്ഡലത്തിലെ മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിസി വിഷ്ണുനാഥും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വ്യക്തമാക്കി.

ചെങ്ങന്നൂരിലെ എംഎല്‍എയായിരുന്ന കെക രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. മണ്ഡലത്തെ രണ്ട് തവണ നിയമസഭയില്‍ പ്രതിനിധാനം ചെയ്തിട്ടുള്ള വിഷ്ണുനാഥായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിറ്റിംഗ് എംഎല്‍എയായ വിഷ്ണുനാഥിനെ പരാജയപ്പെടുത്തിയാണ് രാമചന്ദ്രന്‍ നായര്‍ എംഎല്‍എയായത്. ഈ സാഹചര്യത്തില്‍ മണ്ഡലത്തില്‍ വിഷ്ണുനാഥ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അദ്ദേഹം സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് വ്യക്തമാക്കിയത്.

കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ളതിനാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് പിസി വിഷ്ണുനാഥ് വ്യക്തമാക്കിയത്. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും വിഷ്ണുനാഥ് അവകാശപ്പെട്ടു. എഐസിസി സെക്രട്ടറിയായി കഴിഞ്ഞവര്‍ഷം വിഷ്ണുനാഥിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ചിരുന്നു. കര്‍ണാടകയുടെയും ഗോവയുടെയും ചുമതലയാണ് വിഷ്ണുനാഥിന് നല്‍കിയിട്ടുള്ളത്.

ചെങ്ങന്നൂരില്‍ ബിജെപി സ്ഥാാര്‍ത്ഥിയാകുമെന്ന് പറഞ്ഞുകേള്‍ക്കുന്ന പേരുകളിലൊന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയാണ്. എന്നാല്‍ താന്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് റിപ്പോര്‍ട്ടറിന്റെ ‘ക്ലോസ് എന്‍കൗണ്ടറി’ല്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കുകയായിരുന്നു. സംഘടനാചുമതലകള്‍ക്കാണ് താന്‍ മുന്‍ഗണന നല്‍കുന്നത്. ഇതിനാല്‍ മത്സരത്തിനില്ലന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയത്.

ചെങ്ങന്നൂരില്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. ശക്തമായ ത്രികോണ മത്സരം നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിപ്പോയെങ്കിലും മികച്ച പോരാട്ടമാണ് ശ്രീധരന്‍ പിള്ള കാഴ്ചവച്ചത്. ബിജെപിയുടെ വോട്ട് വിഹിതം വന്‍തോതിലാണ് ചെങ്ങന്നൂരില്‍ ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ ശ്രീധരന്‍ പിള്ള തന്നെയോ അല്ലെങ്കില്‍ കുമ്മനം രാജശേഖരനോ ചെങ്ങന്നൂരില്‍ മത്സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍.

DONT MISS
Top