ആപ്പിള്‍ എയര്‍പോഡ് പൊട്ടിത്തെറിച്ചതായി പരാതി

ആപ്പിള്‍ എയര്‍പോഡ് പൊട്ടിത്തെറിച്ചതായി പരാതി. ഫ്‌ളോറിഡയിലെ ടാംപ സ്വദേശിയായ ജേസണ്‍ കോളനാണ് തന്റെ ആപ്പിള്‍ എയര്‍പോഡ് പൊട്ടിത്തെറിച്ചതായി പരാതി നല്‍കിയിരിക്കുന്നത്.

ഇതുവരെ ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പരാതി കേട്ടിട്ടുള്ളതും പിഴയൊടുക്കേണ്ടി വന്നിട്ടുള്ളതും ആഗോള കമ്പനിയായ സാംസങ്ങിനാണ്. എന്നാല്‍ ഇതാദ്യമായാണ് ആപ്പിള്‍ എയര്‍പോഡ് പൊട്ടിത്തെറിച്ചുവെന്ന പരാതിയുമായി ഉപഭോക്താവ് രംഗത്തെത്തുന്നത്.

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ എയര്‍പോഡ് പൊട്ടിത്തെറിച്ചുവെന്നാണ് ജേസണ്‍ പരാതി നല്‍കിയിരിക്കുന്നത്. ആദ്യം പുക വരുന്നത് പോലെ തോന്നിയതുകൊണ്ട് എയര്‍പോഡ് ചെവിയില്‍ നിന്ന് നേരത്തെ തന്നെ മാറ്റിവെച്ചതിനാല്‍ വലിയ അപകടം ഒഴിവായെന്ന് ജേസണ്‍ പറഞ്ഞു.

ഐഫോണ്‍7, ഐഫോണ്‍ 7പ്ലസ് എന്നീ മോഡലുകള്‍ക്കൊപ്പം അവതരിപ്പിച്ച വയര്‍ലെസ് ഇയര്‍ഫോണായിരുന്നു എയര്‍പോഡ്. ചാര്‍ജ്ജ് തീരാത്ത ഉത്പന്നമാണെന്ന വിശേഷണവുമായാണ് ആപ്പിള്‍ കമ്പനി എയര്‍പോഡ് രംഗത്തെത്തിച്ചത്. ചെവിയില്‍ നിന്ന് മാറ്റുമ്പോള്‍ സെന്‍സറുകള്‍ സ്വയം തിരിച്ചറിഞ്ഞ് സ്ലീപ്പ് മോഡിലേക്ക് പോകുന്ന രീതിയിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം.

എന്നാല്‍ ഇപ്പോള്‍ ആപ്പിള്‍ എയര്‍പോഡ് പൊട്ടിത്തെറിച്ചുവെന്നുള്ള പരാതി ഉപഭോക്താക്കള്‍ക്കിടിയില്‍ ചെറിയ രീതിയിലുള്ള ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്. ജേസണ്‍ ആപ്പിളിന് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കമ്പനി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

DONT MISS
Top