ബംഗാളില്‍ നിലനില്‍പ്പിനുള്ള വക കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ സിപിഐഎം; മധ്യപ്രദേശില്‍ കക്കൂസ് പൊളിച്ച് വാസ്തുദോഷം അകറ്റാന്‍ കോണ്‍ഗ്രസും

ദില്ലി: ബംഗാളില്‍ സിപിഐഎമ്മിനും മധ്യപ്രദേശില്‍ കോണ്‍ഗ്രസിനും മോശപ്പെട്ട കാലമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബംഗാളില്‍ കഴിഞ്ഞുകൂടാനുള്ള വക കണ്ടെത്താന്‍ സിപിഐഎം നെട്ടോട്ടമോടുമ്പോള്‍ മധ്യപ്രദേശില്‍ വാസ്തു ദോഷം അകറ്റാനുള്ള തിരക്കിലാണ് കോണ്‍ഗ്രസ്.

ബംഗാളില്‍ 34 വര്‍ഷത്തോളം അടക്കിവാണ സിപിഐഎം കഴിഞ്ഞുകൂടാനുള്ള വകയ്ക്കായി പാര്‍ട്ടിയുടെ പ്രാദേശിക ഓഫീസ് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. മൂന്ന് ഓഫീസ് മുറി, രണ്ട് മീറ്റിംഗ് ഹാള്‍ എന്നിവയോടുകൂടിയ മൂന്നുനില കെട്ടിടം ഇനി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കോച്ചിങ് സെന്ററാകും.

കെട്ടിടത്തിന് 15000 രൂപയാണ് വാടക. പൂര്‍വ ബര്‍ധമാന്‍ ജില്ലയിലെ ഗുസ്‌കാര മുന്‍സിപ്പാലിറ്റിയിലെ പാര്‍ട്ടി ഓഫീസാണ് വാടകയ്ക്ക് കൊടുത്തത്. 1999 മെയ് ഒന്നിന് പാര്‍ട്ടി പിരിവിലൂടെ സ്വരൂപിച്ച പണം ഉപയോഗിച്ചാണ് രബിന്‍ സെന്‍ ഭവന്‍ എന്ന കെട്ടിടം പാര്‍ട്ടി നിര്‍മ്മിച്ചത്.

അതേസമയം തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പാര്‍ട്ടിയുടെ വാസ്തുദോഷം മാറ്റുന്ന തിരക്കിലാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസുകാര്‍. 14 വര്‍ഷമായി മധ്യപ്രദേശില്‍  കോണ്‍ഗ്രസ് അധികാരത്തിന് പുറത്താണ്. 2006ല്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം നിര്‍വ്വഹിച്ച ഇന്ദിരാനഗര്‍ എന്ന പേരിലുള്ള കെട്ടിടത്തിന്റെ വാസ്തു ദോഷമാണ് പാര്‍ട്ടിയുടെ പരാജയത്തിന് കാരണമെന്നാണ് നേതാക്കളുടെ വാദം.

കെട്ടിടത്തിലെ മൂന്ന് കക്കൂസുകള്‍ മാറ്റിസ്ഥാപിച്ചാണ് പാര്‍ട്ടി ദോഷം അകറ്റുന്നത്.  ഈ വര്‍ഷാവസനമാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വാസ്തുദോഷം മാറുന്നതോടെ കോണ്‍ഗ്രസിന് അടുത്ത തെരഞ്ഞെടുപ്പില്‍ വിജയം നേടാനാകുമെന്ന് കോണ്‍ഗ്രസ് വക്താവ് എം മിശ്ര പ്രതികരിച്ചു.

DONT MISS
Top