ജേക്കബ് തോമസിന്റെ വിശദീകരണം സര്‍ക്കാര്‍ തള്ളി; നടപടിയുമായി മുന്നോട്ടു പോകും

ജേക്കബ് തോമസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നിരിക്കുകയാണെന്ന് സര്‍ക്കാരിനെതിരെ പ്രസംഗിച്ചതിനെ തുടര്‍ന്ന് അച്ചടക്ക നടപടി എടുക്കാതിരിക്കാന്‍ ഡിജിപി ജേക്കബ് തോമസ് നല്‍കിയ വിശദീകരണം സര്‍ക്കാര്‍ തള്ളി. ജേക്കബ് തോമസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും.

സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നിരിക്കുകയാണെന്ന ജേക്കബ് തോമസിന്റെ പ്രസ്ഥാവന ഗുരുതരവും മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും ജേക്കബ് തോമസിനെതിരെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനെതിരെയോ നിയമ സംവിധാനത്തെ കുറിച്ചോ താന്‍ സംസാരിച്ചിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ ജേക്കബ് തോമസിന്റെ വിശദീകരണം.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ അഴിമതി വിരുദ്ധ ദിനാചരണ പരിപാടിയില്‍ സംസാരിക്കവെ സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നിരിക്കുകയാണെന്ന പ്രസ്താവനയാണ് ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന് കാരണമായത്. സര്‍ക്കാരിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചുവെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ട് പോകുന്നത്.

പ്രസ്താവന ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ചേരാത്ത രീതിയാണെന്നും വിവാദ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെക്കുറിച്ച് തെറ്റായ കാഴ്ചപ്പാടുണ്ടാക്കാന്‍ കാരണമായെന്നും ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസിനെ  സസ്‌പെന്റ് ചെയ്തത്. മുന്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസ് ഐഎംജി മേധാവിയായിരിക്കെയാണ് സസ്‌പെന്റ് ചെയ്യപ്പെട്ടത്.

സംസ്ഥാനത്ത് നിയമവാഴ്ചയില്ലാത്തതിനാല്‍ അഴിമതിക്കെതിരെ സംസാരിക്കാന്‍ ജനങ്ങള്‍ ഭയക്കുന്നുവെന്നായിരുന്നു പ്രസ്താവന. അഴിമതി വിരുദ്ധരെ ഇവിടെ ഒറ്റപ്പെടുത്തുകയാണെന്നും 51 വെട്ട് വെട്ടിയില്ലെങ്കിലും നിശ്ശബ്ദരാക്കുമെന്നത് ഭീകരരുടെ രീതിയാണെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഭരണം എന്നത് ഗുണനിലവാരമില്ലാത്ത സേവനം നല്‍കുന്ന സംഭവമാണോ എന്നും ജേക്കബ് തോമസ് ചോദിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top