പൂജാമുറിയില്‍ സൂക്ഷിച്ച രണ്ടേകാല്‍ കിലോ ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു; കോവിലൂര്‍ സ്വദേശി അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

ഇടുക്കി: പൂജാമുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടേകാല്‍ കിലോ ഉണക്ക കഞ്ചാവ് നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തു.സംഭവത്തില്‍ കോവിലൂര്‍ സ്വദേശിയായ ഓരാളെ നര്‍ക്കോട്ടിക് സംഘം അറസ്റ്റ് ചെയ്തു. പത്ത് വര്‍ഷത്തോളമായി കഞ്ചാവ് കൃഷി ചെയ്ത് ചെറുകിട വില്‍പ്പന നടത്തി വന്നിരുന്ന ആളാണ് പിടിയിലായതെന്നാണ് നര്‍ക്കോട്ടിക് സംഘം നല്‍കുന്ന സൂചന.

ശനിയാഴ്ച്ച വൈകിട്ടാണ് പൂജാമുറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ടേകാല്‍ കിലോ ഉണക്കകഞ്ചാവുവുമായി കോവിലൂര്‍ വഞ്ചിവയല്‍ സ്വദേശി മണികണ്ഠനെ അടിമാലി നര്‍ക്കോട്ടിക് സംഘം അറസ്റ്റ് ചെയ്തത്. കോവിലൂര്‍ മേഖലയില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് സംഘം നടത്തിയ നീക്കത്തിനൊടുവിലാണ് മണികണ്ഠന്‍ പിടിയിലായത്. പ്രദേശത്തെ ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്നത് മണികണ്ഡനാണെന്ന് നര്‍ക്കോട്ടിക് സംഘത്തിന് മുമ്പ് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏതാനും നാളുകളായി നര്‍ക്കോട്ടിക് സംഘം മണികണ്ഡനെ നിരീക്ഷിച്ച് വരികയായിരുന്നു.

ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ രക്ഷപ്പെടാനുള്ള പഴുതുകളടച്ച് മണികണ്ഠന്റെ വീടുവളഞ്ഞ നര്‍ക്കോട്ടിക് സംഘത്തിന് ആദ്യം കഞ്ചാവ് കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനക്കൊടുവിലാണ് പൂജാമുറിക്കുള്ളില്‍ ചാക്കില്‍ കെട്ടി മേശക്കടിയില്‍ ഒളിപ്പിച്ചിരുന്ന ഉണക്കകഞ്ചാവ് കണ്ടെത്തിയത്. കോവിലൂര്‍ വഞ്ചിവയല്‍ പ്രദേശത്തെ സ്വന്തം പുരയിടത്തില്‍ കൃഷിചെയ്ത് പാകപ്പെടുത്തിയ കഞ്ചാവ് ഉണക്കി സൂക്ഷിച്ച ശേഷം ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് പ്രതിയുടെ രീതിയെന്ന് അടിമാലി നര്‍ക്കോട്ടിക് ഇന്‍സ്‌പെക്ടര്‍ ജി വിജയകുമാര്‍ പറഞ്ഞു.

കര്‍ശനപരിശോധനകളുടെ അടിസ്ഥാനത്തില്‍ ഇടുക്കിയില്‍ കഞ്ചാവ് ക്യഷി കുറഞ്ഞതോടെ തമിഴ്‌നാട് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇടുക്കിയിലേക്ക് ഉണക്കകഞ്ചവ് എത്തിയിരുന്നത്. ഇടുക്കിയില്‍ തന്നെ നട്ടുവളര്‍ത്തുന്ന കഞ്ചാവിന് ആവശ്യക്കാരേറെയുണ്ടെന്നും ഒരുതവണ ഉപയോഗിച്ചവര്‍ കഞ്ചാവിന്റെ ഗുണമറിഞ്ഞുതന്നെ വീണ്ടും തേടിയെത്താറുണ്ടെന്നും മണികണ്ഠന്‍ നര്‍ക്കോട്ടിക് സംഘത്തിന് മൊഴി നല്‍കി.

പുരയിടത്തിന്റെ വിവിധ ഇടങ്ങളിലായി കഞ്ചാവ് ചെടികള്‍ നട്ട് വളര്‍ത്തിയിരുന്നതിനാല്‍ പ്രതിയുടെ കഞ്ചാവ് കൃഷി പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിടിയിലായ മണികണ്ഠന് മറ്റെവിടെയെങ്കിലും കഞ്ചാവ് കൃഷിയുണ്ടോയെന്ന കാര്യവും നര്‍ക്കോട്ടിക് സംഘം അന്വേഷിക്കുന്നുണ്ട്. നര്‍ക്കോട്ടിക് ഇന്‍സ്‌പെക്ടര്‍ ജി വിജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെവി സുകു, കെകെ സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

DONT MISS
Top