തോക്കിന്റെ ഭാഷ വിശ്വസിക്കുന്നവര്‍ക്ക് മറുപടിയും അതിലൂടെ നല്‍കണം; യുപി എന്‍കൗണ്ടറുകളെ ന്യായീകരിച്ച് ആദിത്യനാഥ്

യോഗി ആദിത്യനാഥ്‌

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ പൊലീസ് എന്‍കൗണ്ടറുകളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനം നേരിടുന്നതിനിടെ മറുപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തോക്കിന്റെ ഭാഷ വിശ്വസിക്കുന്നവര്‍ക്ക് മറുപടിയും അതിലൂടെ നല്‍കണമെന്ന് ആദിത്യനാഥ് പറഞ്ഞു.

‘ഓരോ വ്യക്തിക്കും സുരക്ഷ ഉറപ്പാക്കേണ്ടതാണ്. പക്ഷെ സമൂഹത്തില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും തോക്കിന്റെ ഭാഷയില്‍ വിശ്വസിക്കുന്നവര്‍ക്കും മറുപടിയും അതേരീതിയില്‍ തന്നെ നല്‍കണം. അതില്‍ വ്യാകുലപ്പെടേണ്ട കാര്യമില്ലെന്ന് ഉദ്യോഗസ്ഥരോട് താന്‍ പറഞ്ഞിട്ടുണ്ട്,’ ഗൊരഖ്പൂരില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെ ആദിത്യനാഥ് വ്യക്തമാക്കി.

യോഗി സര്‍ക്കാരിന് കീഴില്‍ കഴിഞ്ഞ മാര്‍ച്ച് 20-നും 2018 ജനുവരി 31-നും ഇടയില്‍ 1142 എന്‍കൗണ്ടറുകളാണ് ഉത്തര്‍പ്രദേശ് പൊലീസ് നടത്തിയത്. അതില്‍ 200 ഓളം പേര്‍ അറസ്റ്റിലാകുകയും 30 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ 25 ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം 60 എന്‍കൗണ്ടറുകളിലായി എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഇതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ നംബറില്‍ ഉത്തര്‍പ്രദേശ് പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

നേരത്തെ വിഷയത്തെച്ചൊല്ലി വ്യാപക പ്രതിഷേധത്തിനാണ് നിയമസഭ വേദിയായത്. വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിരപരാധികളെ കൊല്ലുന്നത് തടയണമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ സഹിതം സമാജ് വാദി പാര്‍ട്ടി നിയമസഭയില്‍ രംഗത്തെത്തി. എന്നാല്‍ പാര്‍ലമെന്ററി പാരമ്പര്യത്തെ തകര്‍ക്കുന്ന പെരുമാറ്റമാണിതെന്നും ഗവര്‍ണര്‍ക്കെതിരെ പ്രയോഗിച്ച മോശം വാക്കുള്‍ അത്യന്തം അപഹാസ്യമാണെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

DONT MISS
Top