എന്‍ഡോസള്‍ഫാന്‍ ;പുതിയ പട്ടികയില്‍ ഉള്‍പ്പെടാത്ത 1618 പേരില്‍ അര്‍ഹരുണ്ടോയെന്ന് വീണ്ടും പരിശോധിക്കും

കാസര്‍ഗോഡ് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ പുതിയതായി 287 പേരെ ഉള്‍പ്പെടുത്തിയപ്പോള്‍ പട്ടികയില്‍പ്പെടാതിരുന്ന 1618 പേരില്‍ അര്‍ഹരുണ്ടോയെന്ന് വീണ്ടും പരിശോധിക്കും. 11 പഞ്ചായത്തുകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് അര്‍ഹരുണ്ടോയെന്ന് പരിശോധിച്ച് രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുളള ജില്ലാതല സെല്‍ യോഗം എന്‍എച്ച്എം ജില്ലാ പ്രൊജക്ട് മാനേജരോട് നിര്‍ദേശിച്ചു.
2017 എപ്രിലില്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന സെല്‍യോഗം 287 പേരെ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. അടിയന്തര ചികിത്സ ആവശ്യമുള്ള 657 പേര്‍ക്ക് സൗജന്യചികിത്സയും അനുവദിച്ചിരുന്നു.

287 പേരെകൂടാതെ ദുരിതബാധിതരുടെ പട്ടികയില്‍പ്പെടാതിരുന്ന 1618 പേര്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കപ്പെട്ട കാലഘട്ടത്തില്‍ ജില്ലയിലെ 11 ദുരിതബാധിത പഞ്ചായത്തുകളിലോ സമീപ പഞ്ചായത്തുകളിലോ താമസക്കാരായിരുന്നോയെന്നാണ് പുന:പരിശോധനയില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഈ മാസം അവസാനത്തോടെ ക്യാമ്പുകള്‍ എന്‍എച്ച്എം ജില്ലാ പ്രൊജക്ട് മാനേജരുടെ നേതൃത്വത്തില്‍ ആരംഭിക്കും. എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍കൂടി സ്വീകരിച്ചാകും ക്യാമ്പുകള്‍ നടത്തുന്നത്.

അതാത് പഞ്ചായത്തുകളിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ സാന്നിധ്യവും ക്യാമ്പിലുണ്ടാകും. ക്യാമ്പിലെത്തുന്നവര്‍ ആവശ്യമായ രേഖകളുമായി വരണമെന്നും സെല്‍ ചെയര്‍മാന്‍കൂടിയായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു.

അജാനൂര്‍, ബെള്ളൂര്‍, ബദിയടുക്ക, എന്‍മകജെ, കള്ളാര്‍, കാറഡുക്ക, കയ്യൂര്‍ ചീമേനി, കുമ്പഡാജെ, മുളിയാര്‍, പനത്തടി, പുല്ലൂര്‍ പെരിയ എന്നീ പഞ്ചായത്തുകളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സമീപ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ 1618 പേരുടെ പട്ടികയില്‍ ഉണ്ടെങ്കില്‍ അവര്‍ക്കും പങ്കെടുക്കാം.

കഴിഞ്ഞ എപ്രില്‍ ആദ്യവാരത്തില്‍ നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാമ്പിന്റെ അടിസ്ഥാനത്തില്‍ 27 പഞ്ചായത്തുകളില്‍ നിന്നാണ് 287 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട സംഘം രോഗികളെ പരിശോധിച്ച് തയ്യാറാക്കിയ പട്ടികയും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരുടെ ഫീല്‍ഡ്തല പരിശോധന പൂര്‍ത്തിയാക്കി ഡോക്ടര്‍മാരുടെ പാനല്‍ വീണ്ടും പരിശോധിച്ചതിനു ശേഷമാണ് അന്തിമപട്ടിക തയ്യാറാക്കിയത്.

ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍, അര്‍ഹരായവര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള ധനസഹായം അനുവദിക്കുന്നതിനായി പട്ടിക റീകാറ്റഗറൈസ് ചെയ്ത് സെല്ലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ദുരിതബാധിത പട്ടികയില്‍പ്പെട്ടില്ലെന്നു കാണിച്ച് ജില്ലാ കളക്ടര്‍ക്ക് ഇതുവരെ 87 പരാതികള്‍ ലഭിച്ചത് എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ക്ക് കൈമാറി. അതിന്റെ പുന:പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.

പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഗോഡൗണുകളില്‍ സൂക്ഷിച്ചിച്ചുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിനായി സാംപിളുകളുടെ പരിശോധന ഈ മാസം 22, 23 തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുടുംബങ്ങളെ റേഷന്‍കാര്‍ഡില്‍ മുന്‍ഗണനാ പട്ടികയിലുള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ലഭിച്ച 464 അപേക്ഷകളില്‍ 336 അര്‍ഹരാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍കണ്ടെത്തി.

ഇവരെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സിവില്‍ സപ്ലൈ ഡയറക്ടര്‍ക്ക് ജില്ലാ സപ്ലൈ ഓഫീസര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍മൂലം മരിച്ച 234 പേരുടെ അനന്തരാവകാശികള്‍ക്ക്കൂടി ധനസഹായം അനുവദിക്കുന്നതിന് നടപടികളായി. ഇതുവരെ 418 പേരുടെ അനന്തരാവകാശികള്‍ക്ക് ധനസഹായം അനുവദിച്ചു.

എംഎല്‍എ മാരായ എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ, ആര്‍ഡിഒ: സി.ബിജു ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെല്‍ അംഗങ്ങള്‍, എന്‍എച്ച്എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ വി.പി അബ്ദുറഹിമാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

DONT MISS
Top