കാത്തിരിപ്പിന് വിരാമമാകുന്നു; സുവോളജിക്കൽ പാർക്ക് ആദ്യഘട്ട നിർമ്മാണോദ്ഘാടനം 15ന്

തൃശൂർ: രണ്ട് തവണ ശിലാസ്ഥാപനവും, ഏറെ ഏറെനാളത്തെ കാത്തിരിപ്പിനും ശേഷം തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ആദ്യഘട്ട നിർമ്മാണം ആരംഭിക്കുന്നു. പക്ഷികള്‍ക്കും സിംഹവാലന്‍ കുരങ്ങുകള്‍ക്കുമുള്ള കൂടുകളുടെ നിർമ്മാണമാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്. സുവോളജിക്കൽ പാര്‍ക്കിന്റെ നിർമ്മാണത്തിനുള്ള സ്പെഷൽ ഓഫീസറായി പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ കെജെ വർഗീസിനെ സർക്കാർ നിയോഗിച്ചു.

ഇതോടൊപ്പം അഞ്ചംഗങ്ങളടങ്ങിയ വിദഗ്ദ ഉദ്യോഗസ്ഥ സംഘത്തിന്റെയും മേൽനോട്ടത്തിലാണ് നിർമ്മാണം നടക്കുക. തൃശൂര്‍ നഗരത്തിലുള്ള മൃഗശാല എട്ടു കിലോമീറ്റര്‍ അകലെ പുത്തൂരിലേക്ക് മാറ്റുമെന്ന് കാലങ്ങളായി പറഞ്ഞു കേള്‍ക്കുന്ന വാഗ്ദാനമാണെങ്കിലും കാത്തിരുന്ന് മടുത്തിരുന്നു. 2006ലെ ഇടത് സർക്കാരിന്റെ കാലത്ത് സ്ഥലമെടുപ്പ് പൂർത്തിയാക്കി ശിലാസ്ഥാപനം നടത്തിയ പദ്ധതി പിന്നെ അനക്കമറ്റു.

പിന്നീട് വന്ന യുഡിഎഫ് സർക്കാരിന്റെ കാലത്തും ശിലാസ്ഥാപനം നടത്തിയത് ഏറെ വിവാദമായിരുന്നു. ഇതിന് ശേഷവും പദ്ധതികളൊന്നും നടന്നിരുന്നില്ല. പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചുറ്റുമതിൽ നിർമ്മിച്ച് അവസാനിപ്പിച്ചിരുന്നു. ഇടത് സർക്കാർ ചുമതലയേറ്റ ശേഷം കെ രാജൻ എംഎൽഎയുടെ പ്രത്യേക ഇടപെടലായിരുന്നു സുവോളജിക്കൽ പാർക്കിന് വേഗം കൂട്ടിയത്.

കഴിഞ്ഞ ഒക്ടോബറിൽ കൂടുകൾ നിർമ്മിക്കാനുള്ള പ്രദേശത്തെ മുളങ്കാടുകൾ നീക്കം ചെയ്യുന്ന പ്രവർത്തികൾ ആരംഭിച്ചിരുന്നു. പാര്‍ക്കിനുള്ളിലേക്കുള്ള വഴിയുടെ നിര്‍മാണവും പൂർത്തിയാക്കി. വന്യ മൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ രൂപരേഖയാണ് വിദേശത്തു നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ സജ്ജമാക്കിയത്.

രണ്ടേക്കറില്‍ വ്യാപിച്ചു കിടക്കുന്ന പക്ഷിക്കൂട്, സിംഹവാലന്‍ കുരങ്ങുകള്‍ക്കായി ഒരേക്കറിലധികം വരുന്ന ആവാസ വ്യവസ്ഥ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നിര്‍മാണം നടത്തുക. ഇതിൽ 30 കോടിയുടെ പദ്ധതിയിൽ 23 കോടിയിൽ എറണാകുളത്തെ കമ്പനി കൂടുകളുടെ നിർമ്മാണത്തിനുള്ള കരാറായി.

ഇവരുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. കേന്ദ്രപൊതുമരാമത്തു വകുപ്പാണ് സുവോളജിക്കൽ പാര്‍ക്കിന്റെ നിര്‍മാണ ചുമതല. 300 കോടി രൂപയാണ് മൊത്തം ചെലവ്. ഒന്നാം ഘട്ടത്തില്‍ 161 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഇതിൽ ആദ്യഘട്ട പദ്ധതികളുടെ സമർപ്പണം കഴിഞ്ഞു.

രണ്ടാംഘട്ടം 29ന് സമർപ്പിക്കുമെന്ന് കെ രാജൻ എംഎൽഎ പറഞ്ഞു. 15ന് രാവിലെ 11ന് രാമനിലയത്തിൽ സുവോളജിക്കൽ പാര്‍ക്കിന്റെ ഹൈപവർ കമ്മറ്റിയുടെ യോഗം മന്ത്രിയുടെ സാനിധ്യത്തിൽ ചേരും. വൈകീട്ട് മൂന്നിന് പുത്തൂരിലെ നിർദ്ദിഷ്ട പാർക്ക് പ്രദേശം സന്ദർശിച്ച് പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും, നിർമ്മാണോദ്ഘാടനവും നടക്കും. ശിലാസ്ഥാപനമോ, കൊട്ടിഘോഷിച്ച ആഘോഷമോ ഇല്ലെന്ന് കെ രാജൻ എംഎൽഎ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top