കടല്‍ കടന്ന് കാസര്‍ഗോഡ് സംഗീതം

കാസര്‍ഗോഡ് : കാസര്‍ഗോഡിന്റ അഭിമാനമായ ടി.പി.ശ്രീനിവാസന്റെ സംഗീതം കടല്‍ കടന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും.

ഭാരതീയ സാംസ്‌കാരിക കലകളുടെ പ്രചാരണത്തിന് വേണ്ടി ദുബായിയില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതി നിനാദം ക്രിയേഷന്‍സ് പുറത്തിറക്കുന്ന ഗേയം ആദിദേവം2 സീഡിയുടെ പ്രകാശനത്തോടനുബന്ധിച്ച് 16ന് ഷാര്‍ജരെയാന്‍ ഹോട്ടലില്‍ നടക്കുന്ന മുത്തുസ്വാമി ദീക്ഷിതരുടെ നവഗ്രഹകീര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സംഗീത കച്ചേരി അവതരിപ്പിക്കാനാണ് കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസന്‍ ആദ്യമായി ദുബായിയിലേക്ക് യാത്രതിരിക്കുന്നത്.

നവഗ്രഹകീര്‍ത്തനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള സംഗീത കച്ചേരി ഇതാദ്യമായാണ് ദുബായിയില്‍ നടക്കുന്നത്. സംസ്‌കൃത ഭാഷയില്‍ മാധവന്‍ കിഴക്കൂട്ട് രചന നിര്‍വഹിച്ച് ബിനീഷ് ഭാസ്‌കര്‍ സംഗീതം നല്‍കിയ ഗേയം ആദിദേവം 2 എന്ന ഭക്തിഗാന സമാഹാരത്തില്‍ ശ്രീനിവാസന്‍ മാസ്റ്ററും ഒരു കീര്‍ത്തനം ആലപിച്ചിട്ടുണ്ട്.

മധു ബാലകൃഷ്ണന്‍, രാകേഷ് ബ്രഹ്മാനന്ദന്‍, അമ്പലപുഴ വിജയകുമാര്‍, മിഥുന്‍ ജയരാജ്, തുടങ്ങിയവര്‍ക്ക് പുറമേ കാഞ്ഞങ്ങാട് സ്വദേശിയായ വിനീത് പി നായരും ഇതില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ഭക്തിഗാന ആല്‍ബത്തില്‍ താളവാദ്യങ്ങള്‍ കൈകാര്യം ചെയ്ത ബെള്ളികോത്ത് രാജീവ്‌ഗോപാലാണ് ദുബായിയില്‍ നടക്കുന്ന സംഗീതകച്ചേരിക്ക് ടി.പി.ശ്രീനിവാസന് മൃദംഗത്തില്‍ അകമ്പടി സേവിക്കുന്നത്.

DONT MISS
Top