ഗൗരി നേഹയുടെ മരണം: സ്‌കൂള്‍ മാനേജ്‌മെന്റ് നടത്തിയത് കള്ളക്കളി, പ്രതികളായ അധ്യാപികമാര്‍ക്ക് വരവേല്‍പ്പിന് പുറമെ ശമ്പളവും

കേക്ക് മുറിച്ച് ആഘോഷിക്കുന്നു

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ട്രിനിറ്റി സ്‌കൂള്‍ മാനേജ്‌മെന്റ് നടത്തുന്ന കള്ളക്കളികള്‍ പുറത്ത്. സംഭവത്തില്‍ പ്രതികളായ അധ്യാപികമാര്‍ക്കെതിരായ നടപടിയിലാണ് മാനേജ്‌മെന്റ് കള്ളക്കളി നടത്തിയിരിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ടിരിക്കുന്ന അധ്യാപികമാരെ തിരിച്ചെടുത്തതിന് പുറമെ അവര്‍ക്ക് സസ്‌പെന്‍ഷന്‍ കാലയളവിലെ ശമ്പളം നല്‍കാനും മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുകയാണ്. സസ്‌പെന്‍ഷന്‍ കാലയളവ് അവധിയായി കണക്കാക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. ഇക്കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.

അധ്യാപികമാര്‍ക്കെതിരായ നടപടി സംബന്ധിച്ച് മാനേജ്‌മെന്റ് വിദ്യാഭ്യാസവകുപ്പിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് ഇതോടെ വ്യക്തമാകുന്നത്. അധ്യാപികമാര്‍ സസ്‌പെന്‍ഷനിലാണെന്നായിരുന്നു മാനേജ്‌മെന്റ് വിദ്യാഭ്യാസവകുപ്പിനെ അറിയിച്ചിരുന്നത്. അധാപികമാര്‍ തിരിച്ചെത്തിയത് കേക്ക് മുറിച്ച് ആഘോഷിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് കൊല്ലം വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ കഴിഞ്ഞദിവസം ടെലഫോണിലൂടെ വിശദീകരണം തേടിയിരുന്നു. ഇതിന് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ച് വീണ്ടും നോട്ടീസിലൂടെ വിശദീകരണം തേടിയിട്ടുണ്ട്. സസ്‌പെന്‍ഷന്‍ കാലയളവ് അവധിയായി കണക്കാക്കാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനത്തിലും വിദ്യാഭ്യാസവകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. ഇതിന് ഇന്നുതന്നെ മറുപടി നല്‍കുമെന്ന്പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

വിദ്യാഭ്യാസവകുപ്പ് നല്‍കിയ നോട്ടീസ്

ഗൗരി നേഹയുടെ ആത്മഹത്യയില്‍ അധ്യാപികമാരായ സിന്ധു പോള്‍, നാന്‍സ് ക്രസന്‍സ് എന്നിവരെ പൊലീസ് പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരെ ജോലിയില്‍ തിരിച്ചെടുത്തിരുന്നു. ഇരുവര്‍ക്കും സ്‌കൂള്‍ അധികൃതര്‍ വന്‍വരവേല്‍പ്പാണ് നല്‍കിയത്. കേക്ക് മുറിച്ചായിരുന്നു അധ്യാപികമാരുടെ തിരിച്ചുവരവ് മാനേജ്‌മെന്റ് ആഘോഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇത് വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ കാലയളവ് അവധിയായി കണക്കാക്കുമെന്ന മാനേജ്‌മെന്റ് തീരുമാനം പുറത്തുവന്നിരിക്കുന്നത്.

നാല് മാസത്തെ സസ്‌പെന്‍ഷന് ശേഷമാണ് വന്‍വരവേല്‍പ്പ് നല്‍കി അധ്യാപികമാരെ തിരിച്ചെടുത്തിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലം എഇഒ ഓഫീസ് ഉപരോധിച്ചു. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് മാനേജ്‌മെന്റ് നടത്തുന്നതെന്ന് ഗൗരിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു അധ്യാപികമാരുടെ മാനസിക പീഢനത്തെ തുടര്‍ന്ന് ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഗൗരിയുടെ മരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top