ചരിത്ര നേട്ടത്തിനരികില്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് 124 റണ്‍സിന്, കോഹ്‌ലിക്ക് സെഞ്ചുറി

ടീം ഇന്ത്യ

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 124 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 304 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സ് 179 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ ആതിഥേയര്‍ക്ക് ഇത്തവണയും മറുപടിയുണ്ടായില്ല. ഇതോടെ ആറ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0 ത്തിന് മുന്നിലെത്തി.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ഐഡന്‍ മര്‍ക്രാമിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഇന്ത്യ കാട്ടിക്കൊടുത്തു. നായകന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 303 റണ്‍സാണ് സന്ദര്‍ശകര്‍ അടിച്ചുകൂട്ടിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍ നായകന് ഉറച്ച പിന്തുണ നല്‍കി. 159 പന്തുകളില്‍ 160 റണ്‍സാണ് കോഹ്‌ലി നേടിയത്. കോഹ്‌ലിയുടെ 34-ാം ഏകദിന സെഞ്ചുറിയാണ് കേപ്ടൗണിലേത്. 63 പന്തുകള്‍ നേരിട്ട ധവാന്‍ 76 റണ്‍സും സ്വന്തമാക്കി. റണ്‍സൊന്നുമെടുക്കുന്നതിന് മുന്നേ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷ്ടമായെങ്കലും, ധവാന്‍ കോഹ്‌ലി കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 140 റണ്‍സാംണ് ഇരുവരും അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കായി ജെപി ഡുമിനി രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ സ്പിന്‍ ചുഴിയില്‍ പെട്ടുപോകുന്ന കാഴ്ചയാണ് കാണാനായത്. 51(67) റണ്‍സ് നേടിയ ജെപി ഡുമിനിയാണ് ടോപ് സ്‌കോറര്‍. 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഐഡന്‍ മാര്‍ക്രം(32), ഡേവിഡ് മില്ലര്‍(25) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇന്ത്യക്കായി കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും നാല് വിക്കറ്റ് സ്വന്തമാക്കി. ജസ്പ്രിത് ബുംറ ശേഷിക്കുന്ന രണ്ട് വിക്കറ്റ് നേടി. ഓപ്പണര്‍ ഹാഷിം അംലയെ വിക്കറ്റിന് മുന്നില്‍ കുരുക്കി ബുംറയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യപ്രഹരം ഏല്‍പ്പിച്ചത്. ഒമ്പത് ഓവറുകളില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപിന്റെ പ്രകടനമാണ് ഏറെ ശ്രദ്ധേയം. ചാഹല്‍ ഒമ്പത് ഓവറില്‍ 46 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് നേടിയത്.

കേപ്ടൗണിലെ വിജയത്തോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങള്‍ വിജയിക്കാനിയില്ലെന്ന ചീത്തപ്പേര് മാറ്റാന്‍ ഇന്ത്യക്കായി. അതോടൊപ്പം ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പരവിജയമെന്ന ചരിത്ര നേട്ടം സ്വന്തമാക്കാന്‍ സന്ദര്‍ശകര്‍ക്ക് ഒരു വിജയം കൂടി മതി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top