‘ജയ് ശ്രീറാം’ വിളിക്കാനാവശ്യപ്പെട്ട് മധ്യവയസ്കനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ജയ്പൂര്‍: ‘ജയ്ശ്രീറാം’ വിളിക്കാനാവശ്യപ്പെട്ട് മധ്യവയസ്‌കനെ കൗമാരക്കാരന്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം. മുഹമ്മദ് സലിം എന്ന 45 വയസുകാരനാണ് 18 വയസുകാരനായ വിനയ് മീണയുടെ ആക്രമണത്തിനിരയായത്. വിഡിയോ റെക്കോര്‍ഡ് ചെയ്തതും പ്രചരിപ്പിച്ചതും അക്രമിതന്നെയാണ്.

മൂന്ന് മിനുട്ട് നീണ്ടു നില്‍ക്കുന്ന വിഡിയോയില്‍ ജയ്ശ്രീറാം എന്നു വിളിക്കണമെന്നാവശ്യപ്പെട്ട് 25 തവണയാണ് പ്രതി മുഹമ്മദ് സാലിമിനെ മുഖത്തടിച്ചത്. എന്നാല്‍ ‘ദൈവം സര്‍വശക്തനാണ് ‘ എന്നായിരുന്നു സാലിമിന്‍െറ മറുപടി.

സംഭവത്തില്‍ പ്രതിഷേധവുമായി മുസ്‌ലീം സമുദായാംഗങ്ങള്‍ രംഗത്തെത്തി. അബു റോഡ് സിറ്റി പോലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കുകയും ചെയ്തു. പ്രതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. മതവികാരം വ്രണപ്പെടുത്തിയന്നടക്കം കുറ്റം ചുമത്തി പ്രതി വിനയ് മീണയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ശാരീരികമായി അക്രമിക്കല്‍, മതവികാരം മുറിപ്പെടുത്തല്‍, ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതിയുടെ മേല്‍ ചുമത്തിയതായി എസ്പി സിരോഹി ഓംപ്രകാശ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിന് രാജസ്ഥാനില്‍ ലവ് ജിഹാദ് ആരോപിച്ച്‌ മുഹമ്മദ് അഫ്രാസുല്‍ എന്നയാളെ ജീവനോടെ കത്തിക്കുകയും സംഭവത്തിന്‍െറ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.  ശംഭുലാല്‍ റൈഗര്‍ എന്നയാളാണ് ക്രൂരമായ കൊലപാതകം നടത്തിയതും ദൃശ്യം പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2017 എപ്രില്‍ മാസത്തില്‍
ഏപ്രിലില്‍ രാജസ്ഥാനിലെ തന്നെ  ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച്‌ പെഹ്ലു ഖാന്‍ എന്ന ക്ഷീരകര്‍ഷകനെ ഒരു സംഘം മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവവും ഏറെ വിവാദമായിരുന്നു.

DONT MISS
Top