ബിനീഷ് കോടിയേരിക്കും ദുബായില്‍ നിയമക്കുരുക്ക്; സാമ്പത്തിക തട്ടിപ്പ് കേസില്‍ ലഭിച്ചിരിക്കുന്നത് രണ്ട് മാസം ജയില്‍ശിക്ഷ, ഒത്തുതീര്‍പ്പാകാതെ ദുബായില്‍ പ്രവേശിക്കാനാകില്ല

തിരുവനന്തപുരം: ബിനോയിക്ക് പിന്നാലെ ബിനീഷ് കോടിയേരിക്കും ദുബായില്‍ നിയമക്കുരുക്കുകളുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നുള്ള ക്രിമിനല്‍ കേസില്‍ ദുബായ് കോടതി രണ്ടു മാസം ജയില്‍ ശിക്ഷ വിധിച്ചിരുന്നുവെന്ന വിവരങ്ങളാണ് പുറത്ത് വന്നത്. യുഎഇ നിയമപ്രകാരം ശിക്ഷ വിധിച്ച ശേഷവും ഒത്തുതീര്‍പ്പിലെത്താന്‍ കഴിയുമെന്നതിനാല്‍ പണം തിരികെ നല്‍കി ധാരണയിലെത്തിയാല്‍ മാത്രമേ ബിനീഷിന് ദുബായിലെത്താന്‍ കഴിയൂ.

സൗദിയിലെ സാംബ ഫിനാന്‍സിയേഴ്‌സിന്റെ ദുബായ് ശാഖയില്‍ നിന്നും വായ്പയെടുത്ത രണ്ടേകാല്‍ ലക്ഷം ദിര്‍ഹം
തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് ദുബായ് കോടതി ബിനീഷിന് ശിക്ഷ വിധിച്ചത്. ഇബ്രാഹിം കമാല്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ 2015 ഓഗസ്റ്റ് ആറിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പണം തിരിച്ചു പിടിക്കാനുള്ള ശ്രമം നടത്തിയ റിക്കവറി ഏജന്‍ന്റുമാര്‍ കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനാണ് ബിനീഷെന്ന് റിപ്പോര്‍ട്ട് നല്‍കിയെന്നും ആരോപണമുണ്ട്. ഒരു കോടി 74 ലക്ഷം രൂപയുടെ ചെക്ക് കേസുമായി ബന്ധപ്പെട്ട്    മൂത്ത സഹോദരന്‍ ബിനോയിക്ക് യാത്രാവിലക്കുണ്ടായതിന് പിന്നാലെയാണ് ബിനീഷിനെതിരെയുണ്ടായ വിധിയുടെ വിവരങ്ങളും പുറത്ത് വരുന്നത്.

യുഎഇ നിയമപ്രകാരം ശിക്ഷ വിധിച്ച ശേഷവും കേസ് ഒത്തുതീര്‍പ്പിലെത്തുന്നതിന് വ്യവസ്ഥകളുണ്ട്. പണം തിരികെ നല്‍കി ധാരണയിലെത്തുകയും പരാതിക്കാരന്‍ നല്‍കുന്ന മോചനക്കത്ത് ഹാജരാക്കുകയും ചെയ്താല്‍ ശിക്ഷ റദ്ദാകും. വേണമെങ്കില്‍ കേരളത്തില്‍ നിന്നു തന്നെ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബിനീഷിന് കഴിയും. എന്നാല്‍ ഇത് പരിഹരിക്കപ്പെടാതെ ദുബായിലെത്തിയാല്‍ അറസ്റ്റിലാകുകയും ചെയ്യും.

ദുബായിലെ ബാങ്കില്‍ നിന്നും പണം കടമെടുത്ത് തിരികെ അടയ്ക്കാത്തതിന്റെ പേരില്‍ ഇപി ജയരാജന്റെ മകന്‍ ജതിന്‍ രാജിനെതിരെയും കേസുണ്ട്. എന്നാല്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ മകളെയും മരുമകനെയും സഹായിക്കുന്നതിന്‌വേണ്ടിയാണ് മകന്‍ വായ്പയെടുത്തതെന്നാണ് ജയരാജന്‍ നിയസഭയില്‍ വിശദീകരിച്ചത്. അതേസമയം, ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനുള്ള വിലക്ക് നീക്കിയ ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ ജാസ് ടൂറിസം കമ്പനി നേരത്തെ തീരുമാനിച്ചിരുന്ന വാര്‍ത്താസമ്മേളനം വീണ്ടും വിളിച്ചു ചേര്‍ത്തേക്കും.

DONT MISS
Top