കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍; സമൂഹ മാധ്യമങ്ങളിലെ വ്യാജ സന്ദേശങ്ങള്‍ വര്‍ധിക്കുന്നു

പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍

തിരുവനന്തപുരം: കുട്ടികളെ തട്ടികൊണ്ട് പോകുന്ന ഭയാനകമായ അവസ്ഥ നിലവിലില്ലെന്ന് മുഖ്യമന്ത്രിയും പൊലീസും ആവര്‍ത്തിക്കുമ്പോഴും സമൂഹ മാധ്യമങ്ങളിലെ വ്യാജസന്ദേശങ്ങള്‍ക്ക് കുറവില്ല. തെറ്റിദ്ധാരണകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ആള്‍ക്കൂട്ടം അക്രമങ്ങളിലേക്കും തിരിഞ്ഞുകഴിഞ്ഞു. നിരപരാധികളാണ് ആക്രമിക്കപ്പെടുന്നവരെന്നതും അതീവ ഗൗരവമര്‍ഹിക്കുന്നു.

കുട്ടികളെ തട്ടികൊണ്ട് പോകുന്നവരെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജസന്ദേശമാണെന്നും ഇതേക്കുറിച്ച് ആശങ്ക വേണ്ടെന്നും എഴുതിയ സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിന് വന്ന മറുപടി കാണുക. സര്‍ക്കാര്‍ വിരുദ്ധരോ രാഷ്ട്രീയ താല്‍പര്യമുള്ളവരോ അല്ല ഇതില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നവര്‍. സ്വന്തം കുഞ്ഞുങ്ങളെ തട്ടിയെടുക്കാന്‍ തക്കം പാര്‍ത്ത് നടക്കുന്നവരെക്കുറിച്ചുള്ള ഭയവും ആശങ്കയും പ്രതിഷേധവുമൊക്കെ പങ്കുവെയ്ക്കുന്ന മാതാപിതാക്കളാണ് ഇവരില്‍ അധികവും.

എന്നാല്‍ കേരളത്തിലെവിടെയെങ്കിലും ഇത്തരം ഏതെങ്കിലുമൊരു സംഭവം നടന്നതായി പൊലീസിന് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് വിരോധാഭാസം. ആള്‍ക്കൂട്ടങ്ങള്‍ പൊലീസിനെയും അക്രമിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. മലപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളിയും തിരുവനന്തപുരത്ത് ഭിന്നലിംഗ യുവതിയും ക്രൂരമായി തല്ലിച്ചതയ്ക്കപ്പെട്ടു. സമൂഹത്തില്‍ ഭീതി സൃഷ്ടിച്ച് വൈറലാകാന്‍ തിടുക്കം കാട്ടുന്നത് ആരാണെന്നതും സംശയകരമാണ്. ഇത്തരം അരാജകത്വത്തിന് ആഹ്വാനം ചെയ്യുന്നവര്‍ പേരും മുഖവുമില്ലാതെ സോഷ്യല്‍ മീഡിയയില്‍ തന്നെ ഒളിക്കുകയാണ്.

ഇപ്പോള്‍ നടന്നുവെന്ന തരത്തിലാണ് പ്രചരിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും. നാളുകള്‍ക്ക് മുന്‍പേ മറ്റെവിടെയോ നടന്ന സംഭവങ്ങളെപോലും വിദഗ്ദമായി കൂട്ടിയിണക്കുന്നതിലും ഇത്തരക്കാര്‍ വിജയിക്കുന്നു. പൊലീസിന്‍െ്‌റ ഇടപെടല്‍ കാര്യക്ഷമമാക്കുക മാത്രമാണ് മുന്നിലുള്ള പോംവഴി. നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെട്ട സന്ദേശങ്ങള്‍ സംശയങ്ങളില്ലാതെ ഏറ്റെടുത്ത സമൂഹമാണ് മുന്നിലുള്ളത്. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ വലിയ തോതിലുള്ള ബോധവത്കരണ നടപടികള്‍ക്ക് തന്നെ സമയം നീക്കിവെയ്‌ക്കേണ്ടി വരും. അല്ലെങ്കില്‍ സംശയം തോന്നുന്നവരെയെല്ലാം കൂട്ടം ചേര്‍ന്ന് അക്രമിക്കുന്ന ആള്‍കൂട്ട കോടതികളുണ്ടാകുന്ന അപകടകരമായ സാഹചര്യത്തെ നേരിടേണ്ടതായി വരും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top