മധ്യസ്ഥ ചര്‍ച്ചയും ഫലംകണ്ടില്ല; പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ വീണ്ടും ആക്രമണം

ആക്രമണം നേരിട്ട കെഎസ്ആര്‍ടിസി ബസ്

പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട്ടില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ വീണ്ടും സ്വകാര്യ ബസ് ലോബിയുടെ ആക്രമണം. കഴിഞ്ഞ ദിവസം രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ക്കപ്പെട്ട സംഭവത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷം സര്‍വീസ് പുനരാരംഭിച്ചപ്പോഴാണ് വീണ്ടും ആക്രമണമുണ്ടായത്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി.

കെഎസ്ആര്‍ടിസി ബസിനെ അപകടപ്പെടുത്താനായി സ്വകാര്യ ബസ് കുറുകെ ഓടിച്ച് കയറ്റിയതാണ് തണ്ണിത്തോടിലെ പുതിയ സംഭവം. അപകടം ഒഴിവാക്കാനായി വെട്ടിത്തിരിച്ച കെഎസ്ആര്‍ടിസി ബസ്സിന്റെ പ്ലേറ്റ് ഒടിഞ്ഞു. തുടര്‍ന്ന് സര്‍വീസ് അവസാനിപ്പിച്ച് ഡിപ്പോയിലേക്ക് മടങ്ങി.

സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്ന തണ്ണിത്തോട് കരിമാന്തോടിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചതാണ് സ്വകാര്യ ബസ് ലോബിയെ ചൊടിപ്പിച്ചത്. കയ്യേറ്റവും അസഭ്യം പറച്ചിലും പതിവ് സംഭവമായി. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം രണ്ട് ബസ്സുകള്‍ തകര്‍ക്കപ്പെട്ടത്.

സിപിഐഎം പ്രാദേശിക നേതാവിന്റെ നിയന്ത്രണത്തിലുള്ള സ്വകാര്യ ബസ് കമ്പനി ജീവനക്കാരാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നിരന്തരം ആക്രമണം നടത്തുന്നതെന്നാണ് പരാതി. ഇത് സംബന്ധിച്ച് തണ്ണിത്തോട് പഞ്ചായത്ത് അധികൃതര്‍ പൊലീസിനും ജില്ലാ വികസന സമിതിക്കും നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടി ഉണ്ടായില്ല എന്നതാണ് തുടര്‍ ആക്രമണങ്ങള്‍ക്ക് കാരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top