ഐഎസ്എല്ലില്‍ മറ്റൊരു മഞ്ഞപ്പട; ബെംഗളുരു ചെന്നൈയിനെ തുരത്തി


ഇന്ന് ബംഗളുരു എഫ്‌സി തങ്ങളുടെ നാലാം ജഴ്‌സി പുറത്തെടുത്തപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഒന്നു ഞെട്ടി. മഞ്ഞയും നീലയും നിറങ്ങളടങ്ങുന്ന ജഴ്‌സി! അടുത്തുകാണുമ്പോള്‍ ഫ്‌ലൂറസെന്റ് പ്രത്യേകതയുള്ള തീര്‍ത്തും നേരിയ പച്ച നിറമായും ജഴ്‌സി തോന്നിച്ചു. ചെന്നൈയിന്‍ എഫ്‌സിയെ നേരിടാനായി തയാറാക്കിയ പുത്തന്‍ ജഴ്‌സി എന്തായാലും ബംഗളുരുവിനെ ചതിച്ചില്ല. മത്സരം ബംഗളുരുവാണ് സ്വന്തമാക്കിയത്.

ഒരു സൗഹൃദമത്സരം പോലെ തോന്നിച്ച മത്സരം തണുപ്പനായിരുന്നു. അവസാന മിനുട്ടുകളിലാണ് ടീമുകളുണര്‍ന്നത്. സ്‌റ്റേഡിയത്തിലെ ഒഴിഞ്ഞ കസേരകള്‍ ഐഎസ്എല്ലിനോടുള്ള ആളുകളുടെ മനോഭാവം വെളിവാക്കി. ബ്ലാസ്‌റ്റേഴ്‌സ് ഇല്ലെങ്കില്‍ ഐഎസ്എല്‍ എന്നത് ഒരു സാധാരണ ലീഗ് മാത്രമാണെന്നത് വീണ്ടും തെളിഞ്ഞുകണ്ടു.

ലീഗിലെ മുമ്പന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയത് ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കണ്ടപ്പോള്‍ ടീമുകളുടെ ആരാധകര്‍ മത്സരത്തെ കയ്യൊഴിഞ്ഞു. ചെന്നൈയിന്‍ ഒരുഗോള്‍ മാത്രം നേടിയപ്പോള്‍ ബംഗളുരു മൂന്ന് ഗോളുകളാണ് നേടിയത്. ‘ശരിക്കുമുള്ള മഞ്ഞപ്പടയെ’ ഓര്‍മിപ്പിച്ച് അവസാന ഗോള്‍ പിറന്നത് 94-ാം മിനുട്ടിലും.

ചെന്നൈയിന്‍ ഒരു പെനാല്‍റ്റി പാഴാക്കിയത് കളിതന്നെ തട്ടിത്തെറിപ്പിച്ചതിന് സമമായി. ആദ്യമാദ്യം മാന്യമായ അടവുകള്‍ പുറത്തെടുത്ത ചെന്നൈ അവസാനം പരുക്കന്‍ അടവുകള്‍ പുറത്തെടുത്തു. പത്തുപേരുമായാണ് അവര്‍ മത്സരം അവസാനിപ്പിച്ചതും.

DONT MISS
Top