എറണാകുളം അതിരൂപതയുടെ ഭൂമിയിടപാടില്‍ പൊലീസ് അന്വേഷണം തുടങ്ങി

എറണാകുളം -അങ്കമാലി അതിരൂപതയുടെ ആസ്ഥാനമന്ദിരം

കൊച്ചി: സീറോ മലബാര്‍ സഭയുടെ എറണാകുളം -അങ്കമാലി അതിരൂപത നടത്തിയ വിവാദമായ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ എന്ന വിശ്വാസി എറണാകുളം റെയ്ഞ്ച് ഐജിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.

ഭൂമിയിടപാടിലെ മുഖ്യ ഇടനിലക്കാരനായ സാജു വര്‍ഗീസ് കുന്നേലിനെതിരെയാണ് മാര്‍ട്ടിന്റെ പരാതി. കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരനായ മാര്‍ട്ടിന്റെയും സാജു വര്‍ഗീസിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. രേഖകള്‍ പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന നിലപാടിലാണ് പൊലീസ്.

എറണാകുളം അതിരൂപതയിലെ വിവാദമായ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് രൂപതാധ്യക്ഷനും സീറോ മലബാര്‍ സഭാതലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഹര്‍ജി കോടതി തള്ളി. വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്.

നേരത്തെ,  സീറോ മലബാര്‍ സഭയിലെ വിവാദഭൂമി ഇടപാടുകളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് പ്രസിഡന്റ് അഡ്വ പോളച്ചന്‍ പുതുപ്പാറ നല്‍കിയ ഹര്‍ജി എറണാകുളം സിജെഎം കോടതി തള്ളിയിരുന്നു. ഈ കേസില്‍
ഹര്‍ജിക്കാരന്‍ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയ എറണാകുളം -അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അടക്കമുള്ള സാക്ഷികള്‍ക്ക് സമന്‍സ് അയച്ചെങ്കിലും സാക്ഷികളാരും കോടതിയില്‍
ഹാജരായിരുന്നില്ല. തുടര്‍ന്ന് കേസ് പരിഗണിച്ച കോടതി വേണ്ടത്ര തെളിവുകളില്ലെന്ന് പറഞ്ഞ് കേസ് തള്ളുകയായിരുന്നു.

സഹായമെത്രാനെ കൂടാതെ രൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, രൂപതാ പ്രൊക്യൂറേറ്ററായ ഫാദര്‍ ജോഷി പുതുവ, വിമത വിഭാഗം വൈദികരായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി, ഫാദര്‍ ജോസ് എന്നിവര്‍ക്കാണ് സമന്‍സ് അയച്ചിരുന്നത്. വൈദികരിലാരെങ്കിലും  കര്‍ദിനാളിനെതിരെ മൊഴി നല്‍കിയിരുന്നെങ്കില്‍ മാര്‍ ആലഞ്ചേരി കോടതി നടപടികള്‍ നേരിടേണ്ടിവരുമായിരുന്നു. ഭൂമി കച്ചവടത്തില്‍ സര്‍ക്കാരിനെ കബളിപ്പിച്ച് സ്റ്റാംപ് ഡ്യൂട്ടി വെട്ടിപ്പടക്കം നടന്നിട്ടുണ്ടെന്നാണ് പോളച്ചന്‍ പുതുപ്പാറ കോടതിയില്‍ നല്‍കിയ ഹര്‍ജി. ഐജിക്ക് ഇത് സംബന്ധിച്ച് നേരത്തെ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

ഇതിന് പിന്നാലെയാണ് അങ്കമാലി സ്വദേശിയായ മാര്‍ട്ടിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുന്നതിനായി എറണാകുളം -അങ്കമാലി അതിരൂപതയുടെ അഞ്ചിടങ്ങളിലായി ഉണ്ടായിരുന്ന മൂന്നേക്കറിലധികം ഭൂമി വില്‍പ്പന നടത്തുകയും എന്നാല്‍ മുഴുവന്‍ പണവും കിട്ടാതെ അതിരൂപത കബളിപ്പിക്കപ്പെടുകയും ചെയ്ത സംഭവമാണ് വിവാദത്തിന് കാരണം. അതിരൂപതയിലെ പ്രക്യുറേറ്റര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നീ സ്ഥാനങ്ങളിലുള്ള വൈദികരുടെ നേതൃത്വത്തിലാണ് ഭൂമി വില്‍പ്പന നടന്നതെന്നും രൂപതയിലെ രണ്ട് സഹായ മെത്രാന്‍മാര്‍ കച്ചവടത്തെക്കുറിച്ച് അറിഞ്ഞില്ലെന്നുമാണ് രൂപതയിലെ വൈദിക സമിതിയുടെ നിലപാട്. വൈദികര്‍ക്കൊപ്പം ഒരു വിഭാഗം വിശ്വാസികളും ചേര്‍ന്നതോടെയാണ് അതിരൂപതാധ്യക്ഷനും സീറോ മലബാര്‍ സഭാതലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതിക്കൂട്ടിലായത്.

അതേസമയം, ഭൂമിയിടപാടിലെ ഇടനിലക്കാരനായ സാജു വര്‍ഗീസിനെ പരിചയപ്പെടുത്തിയത് താനാണെന്നും തന്റെ നിര്‍ദേശാനുസരണമാണ് സാജുവുമായി ഭൂമി കച്ചവടത്തിന് രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവയും രൂപതയിലെ സീനിയര്‍ വൈദികനായ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടനും തയാറായതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top