“ഒമറിന്റെ കൈയില്‍ കഥാപാത്രങ്ങള്‍ സുരക്ഷിതരായിരിക്കും”; പുതുമുഖങ്ങളെ അണിനിരത്തി ‘ഒരു അഡാറ് ലവുമായ്’ എത്തുന്നു നിര്‍മ്മാതാവ് ഔസേപ്പച്ചന്‍

ഔസേപ്പച്ചന്‍, ഒമര്‍ ലുലു

മലയാളത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവാണ് ഔസേപ്പച്ചന്‍. സിനിമയുടെ വിജയപരാജയ സാധ്യതകളെ മുന്‍നിര്‍ത്തി പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ താരതമ്യേനെ നിര്‍മ്മാതാക്കള്‍ മടിക്കുമ്പോള്‍ പുതുമുഖങ്ങളെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്ത വ്യക്തിയെന്ന സവിശേഷതയുണ്ട് ഔസേപ്പച്ചന്.

നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ നദിയാമൊയ്തുവിനെ മലയാളത്തിന് പരചയപ്പെടുത്തിയത് ഔസേപ്പച്ചനായിരുന്നു. സാന്ത്വനം എന്ന ചിത്രത്തിലൂടെ മീനയെ മലയാളികള്‍ക്ക് സുപരിചിതയാക്കിയതും ഔസേപ്പച്ചന്‍ തന്നെ. റാംജിറാവ് സ്പീക്കിംഗ്, സാഗരം സാക്ഷി തുടങ്ങി മലയാളത്തിന് നല്‍കിയ ഹിറ്റ് ചിത്രങ്ങളിലൂടെ സായ്കുമാര്‍, സുകന്യ, രേഖ, കാവേരി എന്നിങ്ങനെ ഒട്ടനേകം പുതുമുഖങ്ങളെയാണ് ഔസേപ്പച്ചന്‍ എന്ന നിര്‍മ്മാതാവ് മലയാളത്തിന് പരിചയപ്പെടുത്തിയത്.

താരപദവിയില്ലാത്തതിനാല്‍ പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കുന്ന ചിത്രങ്ങള്‍ പരാജയപ്പെടുമോ എന്ന ഭീതിയില്ലാതെയാണ് ഔസേപ്പച്ചന്‍ തന്റെ ചിത്രങ്ങൡലേക്ക് താരങ്ങളെ പരിഗണിച്ചിട്ടുള്ളത്. എന്നാല്‍ പരിചയപ്പെടുത്തിയവരെല്ലാംതന്നെ മലയാളപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി എന്നുള്ളതാണ് വാസ്തവം. പുതുമുഖങ്ങളെ വെച്ച് ഒരുക്കിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ഹിറ്റാവുകയും ചെയ്തു.

തന്റെ ചിത്രങ്ങളിലെ ആ മാജിക്കല്‍ ടച്ചുമായി വീണ്ടും പുതുമുഖങ്ങളുമായി എത്തുകയാണ് ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ഔസേപ്പച്ചന്‍. ഒമര്‍ ലുലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇങ്ങനെയൊരു ചിത്രം നിര്‍മ്മിക്കുന്നതിന് പിന്നില്‍ ഒമറിലുള്ള വിശ്വാസമാണെന്ന് പറയുന്നു ഔസേപ്പച്ചന്‍. ഹാപ്പി വെഡ്ഡിങ് കണ്ടപ്പോള്‍ തന്നെ തോന്നിയിരുന്നു ആ ചിത്രം വിജയമാകുമെന്ന്. പുതുമുഖങ്ങളെ പരീക്ഷിക്കുന്ന കാര്യത്തില്‍ താനും ഒമറും തമ്മിലുള്ള സാദൃശ്യവും ആകര്‍ഷിച്ചു. ചങ്ക്‌സിനു ശേഷമാണ് ഒരു അഡാര്‍ ലവ് ഒരുക്കുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചത്.

പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമാണ് ഒരു അഡാര്‍ ലവ്. പതിവ് തെറ്റിക്കാതെ പ്രധാന താരങ്ങളെല്ലാം തന്നെ പുതുമുഖങ്ങള്‍. പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് അഡാര്‍ ലവ് പറഞ്ഞുവെക്കുന്നത്. ആരും ഇഷ്ടപ്പെടുന്ന പ്രണയകഥയായിരിക്കും ഇതെന്ന് ഔസേപ്പച്ചന്‍ പറയുന്നു. കേന്ദ്രകഥാപാത്രങ്ങള്‍ പുതുമുഖങ്ങളാണെന്നതില്‍ യാതൊരു ആശങ്കയുമില്ല. ഒമര്‍ എന്ന സംവിധായകന് കീഴില്‍ മികച്ച കഥാപാത്രങ്ങള്‍ മാത്രമേ രൂപപ്പെടൂ എന്ന ഉറപ്പിലാണ് ഔസേപ്പച്ചന്‍.

ഇതുവരെ ചെയത് ചിത്രങ്ങളിലൂടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. ആ പതിവ് തെറ്റിക്കാതെ പ്രേക്ഷക മനസ്സില്‍ ഇടം പിടിക്കുന്ന ഗാനങ്ങളായിരിക്കും അഡാറ് ലവിലുമെന്ന് നിര്‍മ്മാതാവ് ഉറപ്പ് പറയുന്നു. എട്ടോളം പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഷാന്‍ റഹ്മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ജിമിക്കി കമ്മലിന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം സംഗീതലോകത്ത് തരംഗമാകാന്‍ ഷാന്‍ റഹ്മാന്‍ വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

DONT MISS
Top