പെന്‍ഷന്‍ മുടങ്ങിയതിനാല്‍ ചികിത്സ ലഭിച്ചില്ല; കെഎസ്ആര്‍ടിസി മുന്‍ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

അന്തരിച്ച റോയ്

കൊച്ചി: പെന്‍ഷന്‍ മുടങ്ങിയതിനാല്‍ ചികിത്സ ലഭിക്കാതെ കെഎസ്ആര്‍ടിസി മുന്‍ജീവനക്കാരന്‍ മരിച്ചു. പുതുവൈപ്പിന്‍ സ്വദേശി വിവി റോയ് ആണ് ഹൃദയാഘാതം മൂലം വണ്ടാനം മെഡിക്കല്‍ കോളെജില്‍ മരിച്ചത്. പെന്‍ഷന്‍ ആനുകൂല്യമായി 10 ലക്ഷത്തോളം തുക സര്‍ക്കാരില്‍ നിന്ന് റോയിക്ക് കിട്ടാനുണ്ട്.

ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് റോയിയെ വണ്ടാനം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരുന്നു. അഞ്ചുമാസമായി പെന്‍ഷന്‍ മുടങ്ങിയതിനാല്‍ ഹൃദ്രോഗിയായ റോയിയുടെ ചികിത്സ നിലച്ചു. കെഎസ്ആര്‍ടിസി പെന്‍ഷനെ സംബന്ധിച്ച വാര്‍ത്തകള്‍ റോയിക്ക് കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ ഉണ്ടാക്കിയിരുന്നതായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറഞ്ഞു.

അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്ററായി വിരമിച്ച റോയി 34 വര്‍ഷത്തോളം കെഎസ്ആര്‍ടിസി ജീവനക്കാരനായിരുന്നു. സര്‍വീസ് വര്‍ഷങ്ങളെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് റോയിക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. മൂന്നു വര്‍ഷം മുമ്പ് കെഎസ്ആര്‍ടിസിയില്‍ നിന്നു വിരമിച്ച റോയിക്ക് ഒന്നര വര്‍ഷം മുന്‍പാണ് മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍ ബൈപാസ് സര്‍ജറി നിര്‍ദേശിച്ചത്. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന റോയിയുടെ കുടുംബം പെന്‍ഷന്‍ തുക ലഭിച്ചതിന് ശേഷം ശസ്ത്രക്രിയ നടത്താനുള്ള തീരുമാനത്തിലായിരുന്നു.

DONT MISS
Top