രോഗിയായ മകളെ ചികിത്സിക്കണം; മുലപ്പാല്‍ വിറ്റ് ഒരമ്മ തെരുവില്‍

ബെയ്ജിംഗ്: രോഗിയായ മക്കള്‍ക്ക് വേണ്ടി ത്യാഗങ്ങള്‍ സഹിച്ച ധാരാളം മാതാപിതാക്കളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ മകളുടെ ആശുപത്രി ബില്ലടയ്ക്കാന്‍ അമ്മ മുലപ്പാല്‍ വില്‍ക്കുന്നത് ചിലപ്പോള്‍ അപൂര്‍വ്വമായിരിക്കാം. ചൈനയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചൈനീസ് മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചതോടെ ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കുകയായിരുന്നു. തെരുവില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്ന അമ്മയെയും ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ചിത്രം പതിച്ച പോസ്റ്ററുമായി നില്‍ക്കുന്ന അച്ഛന്റെയും ചിത്രമാണ് പ്രചരിക്കുന്നത്.

‘സെല്‍ ബ്രസ്റ്റ് മില്‍ക്ക് സേവ് ഡോട്ടര്‍’ എന്ന് എഴുതിയിരിക്കുന്ന പോസ്റ്ററില്‍ കുഞ്ഞിന് ഒരു മിനിറ്റ് നേരം മുലപ്പാല്‍ കൊടുക്കുന്നതിന് 10യുവാന്‍ ആണ് പൈസ എന്നും എഴുതിയിട്ടുണ്ട്. ഇരുപത്തിനാലുകാരിയായ ഗ്വാങ്‌സിയില്‍ നിന്നുള്ള താങ് ആണ് അമ്മയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താങിന് ഇരട്ടപെണ്‍കുട്ടികളാണുള്ളത്. അതിലൊരു കുട്ടി മാരകമായ അസുഖത്താല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ആ കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള പണത്തിനാണ് താങ് മുലപ്പാല്‍ വില്‍ക്കുന്നതെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. പോസ്റ്ററില്‍ കുഞ്ഞിന്റെ ചിത്രവും ചികിത്സയുടെ മെഡിക്കല്‍ രേഖകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.താങിന്റെ ഭര്‍ത്താവ് സിച്ചുവാനില്‍ കഴിഞ്ഞ 16 വര്‍ഷമായി കുടിയേറ്റതൊഴിലാളിയായി ജോലി ചെയ്യുകയാണ്.

കഴിഞ്ഞ ഡിസംബറിലാണ് താങ് ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കുന്നത്. ഇവരില്‍ ഒരു കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ചെലവേറിയ ചികിത്സ ഈ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിനേക്കാള്‍ ഏറെയായിരുന്നു.

ചൈനയിലെ ആരോഗ്യ മേഖല വളരെ ചെലവേറിയതിനാല്‍ സാധാരണക്കാര്‍ക്ക് അത് താങ്ങാവുന്നതിലും കൂടുതലാണ്. കുട്ടിയെ മികച്ച രീതിയില്‍ വളര്‍ത്താനാകാതെ തെരുവുകളില്‍ ഉപേക്ഷിക്കുന്ന മാതാപിതാക്കളും ഇന്ന് ചൈനയില്‍ സുലഭമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top