വെടിയുണ്ട തുളച്ചുകയറിയ നൂറുകണക്കിന് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ തിരിച്ചയച്ച് മുംബൈ പൊലീസ്; കേന്ദ്ര സേനകള്‍ക്കും ജാക്കറ്റ് നല്‍കുന്നത് ഇതേ കമ്പനി

പ്രതീകാത്മക ചിത്രം

മുംബൈ: എകെ 47 തോക്കില്‍നിന്നുള്ള വെടിയുണ്ടകള്‍ എളുപ്പത്തില്‍ തുളച്ചുകയറിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ മുംബൈ പൊലീസ് തിരിച്ചയച്ചു. കാണ്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത് എന്നാണ് പുറത്തുവരുന്ന വിവരം. കേന്ദ്ര സേനകള്‍ക്കും ഇതേ കമ്പനി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്.

4600 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളില്‍ 1430 എണ്ണം ഇതിനോടകം തിരിച്ചയച്ചു. പൊലീസിന്റെ പരിശോധനയില്‍ ഇവ ദയനീയമായി പരാജയപ്പെട്ടു. ഇത് ഇട്ടുകൊണ്ട് ഒരു സാഹസത്തിന് പൊലീസ് മുതിര്‍ന്നില്ല. കമ്പനി പകരം തരുന്നവയും ഇതുപോലെതന്നെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുമെന്ന് എഡിജിപി വിവി ലക്ഷ്മിനാരായണ പറഞ്ഞു.

പത്തുവര്‍ഷം മുമ്പ് മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ ഭീകരവിരുദ്ധ സ്വാഡ് തലവന്‍ ഹേമന്ദ് കര്‍കറെയുള്‍പ്പെടെയുള്ളവര്‍ വീരമൃത്യു വരിച്ചിരുന്നു. എന്നാല്‍ കര്‍ക്കറെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നു. ജാക്കറ്റും തുളച്ചുകയറിയ വെടിയുണ്ടയാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. എകെ47 തോക്കുകളില്‍നിന്നാണ് വെടിയുതിര്‍ക്കപ്പെട്ടത്.

ഏറെ നാണക്കേടുളവാക്കിയ സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളെടുക്കാന്‍ പത്ത് വര്‍ഷങ്ങള്‍ക്കുശേഷവും സേനയ്ക്ക് കഴിഞ്ഞിട്ടില്ല. ഭീകരാക്രമണങ്ങളെ നേരിടാനുള്ള ഫോഴ്‌സ് വണ്ണിനും മാവോയിസ്റ്റുകളെ നേരിടാനുള്ള സേനയ്ക്കും മുംബൈ പൊലീസിനും നല്‍കുന്നത് ഇതേ ജാക്കറ്റുകളാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top