ദില്ലിയില്‍ എട്ടുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച സംഭവം; രാജ്യത്തെ വിവിധ കോടതികളില്‍ ശിക്ഷ വിധിക്കാതെ കെട്ടികിടക്കുന്ന പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സുപ്രിം കോടതി നിര്‍ദേശം

ഫയല്‍ ചിത്രം

ദില്ലി: കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിവിധ കോടതികളില്‍ ശിക്ഷ വിധിക്കാതെ കെട്ടികിടിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കി. രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ ദിവസം എട്ടുമാസം പ്രായമായ പെണ്‍കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ സുപ്രിം കോടതിയെ സമീപിച്ച അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവയോടാണ് കെട്ടികിടക്കുന്ന കേസുകളുടെ വിവരം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

പത്തുവയസുവരെ പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകളുടെ വിവരങ്ങളാണ് ആദ്യ ഘട്ടത്തില്‍ കോടതിക്ക് മുന്‍പാകെ ഹാജരാക്കേണ്ടത്. പോസ്‌കോ നിയമപ്രകാരം പത്തുവയസുവരെ പ്രായമായ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വിധിക്കണം എന്ന് ശ്രീവാസ്തവ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ദില്ലിയില്‍ ബന്ധു ക്രൂമായി പീഡിപ്പിച്ച എട്ടുമാസം പ്രായമായ കുട്ടിയെ ഇന്നലെ സുപ്രിം കോടതി നിര്‍ദേശ പ്രകാരം മൂന്ന് ഡോക്ടര്‍മാര്‍ സന്ദര്‍ശിക്കുകയും കുട്ടിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍മാരായ രാജേഷ് കുമാരി , ദേവേന്ദ്ര കുമാര്‍ യാദവ്, അശോക് കെ ഡിയോററി എന്നിവരാണ് കുട്ടിയുടെ ആരോഗ്യ വിവരത്തെക്കുറിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് എട്ടുമാസം പ്രായമായ കുഞ്ഞിനെ ബന്ധുവായ 28 വയസുകാരന്‍ ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തെതുടര്‍ന്ന് കുഞ്ഞിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ വീട്ടില്‍ എത്തിയ യുവാവ് കുഞ്ഞിനെ ലാളിക്കാന്‍ എന്ന വ്യാജേന അടുത്ത മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top