വരുമാനത്തിനനുസരിച്ച് നികുതിയടച്ചു; കള്ളക്കടത്തുകാരനെ പൊലീസ് പൊക്കി

രച്ചപ്പ

ബംഗളുരു: സത്യസന്ധമായി നികുതിയടച്ച കള്ളക്കടത്തുകാരനെ പൊലീസ് പൊക്കി. ജോലി കള്ളക്കടത്താണെങ്കിലും ആദായനികുതിവകുപ്പിനോട് സത്യസന്ധത കാണിച്ചതാണ് ബംഗളുരുവിലെ നിര്‍മ്മാണത്തൊഴിലാളിയായ രച്ചപ്പയ്ക്ക് വിനയായത്.

കര്‍ണാടകയിലെ ചമരാനഗര്‍ സ്വദേശിയായ രച്ചപ്പ 12 വര്‍ഷം മുന്‍പാണ് ബംഗളുരുവിലെത്തുന്നത്. നിര്‍മാണത്തൊഴിലാളിയായിട്ടാണ് എത്തിയതെങ്കിലും പതിയെ കഞ്ചാവ് ഉപയോഗിച്ചുതുടങ്ങി പിന്നെ വില്‍പ്പനയും തുടങ്ങി. നല്ല കച്ചവടം കിട്ടിയതോടെ ആവശ്യത്തിന് പണവുമായി. ആ പണം കൊണ്ട് നാട്ടില്‍ കുറച്ചധികം സ്ഥലവും രണ്ട് വീടും വാങ്ങി.

ബംഗളുരുവിലും ഒരു വില്ല സ്വന്തമാക്കി. ആവശ്യത്തിലധികം കാശൊക്കെയായി നല്ല രീതിയില്‍ ജീവിതം മുന്നോട്ട് പോയപ്പോഴാണ് വരുമാനത്തിനൊത്ത് ആദായനികുതിയടയ്ക്കണമെന്ന തോന്നലുണ്ടായത്. ഇതിനെക്കുറിച്ച ഒരു വക്കീലിനോട് സംസാരിച്ചപ്പോള്‍ കോണ്‍ട്രാക്ടര്‍ ആണെന്ന് വ്യക്തമാക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാനായിരുന്നു നിര്‍ദ്ദേശം.

എന്തായാലും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി മിനക്കെടാനൊന്നും രച്ചപ്പ നിന്നില്ല. നേരെ കൊണ്ടുപോയി നികുതിയടച്ചു. നിര്‍മാണത്തൊഴിലാളിയായ ഒരാള്‍ 40 ലക്ഷം വരുമാനം കാണിച്ച് നികുതിയച്ചപ്പോള്‍ ആദായനികുതി വകുപ്പിന് കണ്‍ഷ്യൂഷനായി. അവര്‍ ഉടന്‍ വിവരങ്ങള്‍ പൊലീസിനെ അറിയിച്ചു. പൊലീസ് ഉടന്‍തന്നെ രച്ചപ്പയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വിവരങ്ങള്‍ ശേഖരിച്ച് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നിരാശപ്പെടേണ്ടി വന്നില്ല. കാറില്‍ 26 കിലോ കഞ്ചാവ് സഹിതമാണ് രച്ചപ്പ പൊലീസ് പിടിയിലായത്. ഇയാളെ തങ്ങള്‍ നേരത്തെ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തെളിവുകളില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാതിരിക്കുകയായിരുന്നു.

DONT MISS
Top