മൊബൈൽ ഷോറൂമുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിയ അന്തർ സംസ്ഥാന മോഷ്ടാക്കളെ സംസ്ഥാനത്തെത്തിച്ച് തെളിവെടുപ്പ് തുടങ്ങി

കൊല്ലം: വിവിധ നഗരങ്ങളിലെ മൊബൈൽ ഷോറൂമുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിയ അന്തർ സംസ്ഥാന മോഷ്ടാക്കളെ സംസ്ഥാനത്തെത്തിച്ച് തെളിവെടുപ്പ് തുടങ്ങി. ഏതാനും മാസങ്ങൾക്ക് മുമ്പ് കൊല്ലത്തെ മൊബൈൽ കടകളിൽ നടത്തിയ മോഷണത്തെപ്പറ്റി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ എട്ടംഗ സംഘത്തെ രാജസ്ഥാനിൽ നിന്ന് പിടികൂടിയിരുന്നു.ഇവരിൽ മൂന്നു പേരെയാണ് കൊല്ലത്തെത്തിച്ചത്.

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലടക്കം മൊബൈൽ കടകളിൽ കവർച്ച നടത്തിയത് ഇവരാണെന്ന് പൊലീസ് കണ്ടെത്തി. കൊല്ലം, എറണാകുളം, തിരുവനന്തപുരം നഗരങ്ങളിലെ മൊബൈൽ ഷോറൂമുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിയ 3 പ്രതികളെയാണ് കഴിഞ്ഞ ദിവസം പൊലീസ് കൊല്ലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

കൊല്ലം ഹൈസ്കൂൾ ജംഗ്ഷനടുത്തുള്ള രണ്ട് കടകളിൽ നിന്ന് മാത്രം 13 ലക്ഷം രൂപയുടെ മൊബൈൽ ഫോണകളും 2 ലക്ഷം രൂപയും ഇവർ കവർന്നിരുന്നു. രാജസ്ഥാനിൽ വെച്ച് മോഷണശ്രമത്തിനിടെ പിടികൂടിയ എട്ടംഗ സംഘത്തിലെ പ്രധാനികളായ അരുൺ ഷാ, അനിൽ കുമാർ, രാം ഭായി റാവു എന്നിവർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കൊച്ചിയടക്കമുള്ള മറ്റ് നഗരങ്ങളില്‍ മോഷണം നടത്തിയത് ഇവർ ഉൾപ്പെട്ട സംഘമാണെന്ന് വിവരം ലഭിച്ചതായി കൊല്ലം സിറ്റി അസിസ്റ്റന്റ്‌ പൊലീസ് കമ്മീഷ്ണർ ജോർജ് കോശി പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ കുറേ നാളുകളായി നടക്കുന്ന മോഷണ പരമ്പരകളിലെ കണ്ണികളായ ബിഹാർ ചമ്പാരൻ സ്വദേശികളായ കൊള്ളസംഘത്തിൽ പെട്ടവരാണിതെന്ന് പൊലീസ് പറയുന്നു.കേരളത്തിൽ നടക്കുന്ന കവർച്ചകളെപ്പറ്റി ഈ മോഷ്ടാക്കളെ ചോദ്യം ചെയ്യുന്നതിലൂടെ വിവരം ലഭിക്കുമെന്ന് പൊലീസ് കരുതുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top