അശ്ലീലചുവയോടെ പെരുമാറി; നടി അമലാ പോളിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

ചെന്നൈ: അശ്ലീലചുവയോടെ പെരുമാറിയെന്നാരോപിച്ച് നടി അമലാപോള്‍ നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ചെന്നൈയില്‍ നിന്നുള്ള വ്യവസായി അഴകേശനെയാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ചെന്നൈ ടി നഗറിലുള്ള സ്റ്റുഡിയോയില്‍ നൃത്ത പരിശീലനത്തിനിടെ തന്റെ അടുത്തെത്തിയ അഴകേശന്‍ അശ്ലീലം പറഞ്ഞുവെന്നും അപമര്യാദമായ രീതിയില്‍ പെരുമാറിയെന്നുമാണ് അമലാ പോളിന്റെ പരാതി.

അമലാ പോള്‍ ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ മലേഷ്യയില്‍ ഈ മാസം മെഗാഷോ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചെന്നൈയില്‍ നടക്കുന്ന പരിശീലന പരിപാടിയ്ക്കിടെയാണ് സംഭവം. പ്രശസ്ത കോളിവുഡ് കൊറിയോഗ്രാഫര്‍ ശ്രീധറിന്റെ ഡാന്‍സ് സ്റ്റുഡിയോയിലായിരുന്ന പരിശീലന പരിപാടി.

ചെന്നൈ മാമ്പലം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് നടി പരാതി നല്‍കിയത്. തന്നെപോലെ ഒരുപാട് സ്ത്രീകള്‍ ഇത്തരത്തില്‍ തൊഴില്‍ ചെയ്യുന്നുണ്ടെന്നും അവരുടെയെല്ലാം സുരക്ഷ കൂടി കണക്കിലെടുത്താണ് പരാതി നല്‍കിയതെന്ന് അമലാ പോള്‍ പ്രതികരിച്ചു. പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു. അഴകേശനെ അറസ്റ്റ് ചെയ്ത പൊലീസ് ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top