കര്‍ണാടകയില്‍ ബിജെപി-ഒവൈസി രഹസ്യകൂട്ടുകെട്ടെന്ന് കോണ്‍ഗ്രസ്

ബംഗളുരു: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കര്‍ണാടകയില്‍ രാഷ്ട്രീയനീക്കുപോക്കുകള്‍ സജീവമാകുന്നതായി സൂചന. ഭരണം തിരിച്ച് പിടിക്കാനൊരുങ്ങുന്ന ബിജെപി അസദുദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മുമായി രഹസ്യകൂട്ടുകെട്ട് ഉണ്ടാക്കിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. തങ്ങളെ പരാജയപ്പെടുത്താന്‍ ബിജെപി ഒവൈസിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഒവൈസിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും മുസ്‌ലിം ഭൂരിപക്ഷമുള്ള 50 നിയമസഭാ സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ നിര്‍ദേശിച്ചതായും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസിന്റെ വോട്ടില്‍ വിള്ളല്‍ വീഴ്ത്തുകയാണ് ഇതിലൂടെ ബിജെപിയുടെ ലക്ഷ്യം.

അതേസമയം, കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ രംഗത്തെത്തി. തോല്‍വി മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പരാജയം സമ്മതിച്ചിരുക്കുന്നവന് മാത്രമെ ഇത്തരമൊരു ആരോപണം നടത്താനാകു. ഞങ്ങള്‍ക്ക് ഒവൈസിയുമായി കുട്ടുകൂടേണ്ട ആവശ്യമില്ല. അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ സാധ്യതകളെ ഇല്ലായ്മ ചെയ്യാന്‍ ഒവൈസി ധാരണയിലെത്തിയിരിക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. സ്വയം മുസ്‌ലിങ്ങളുടെ മിശിഹ എന്ന് വിശേഷിപ്പിക്കുന്ന ഒവൈസി യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ ഏജന്റാണ്. നേരത്തെ അദ്ദേഹം ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ബിജെപിയെ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ കര്‍ണാടകയിലും അവരെ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയിരിക്കുകയാണ്. ബിജെപിയെയും ഒവൈസിയെയും തുറന്നുകാട്ടേണ്ടതുണ്ട്. അവര്‍ ഹിന്ദുക്കള്‍ക്കോ മുസ്‌ലിങ്ങള്‍ക്കോ ഒപ്പമല്ലെന്ന് ഇത് തെളിയിച്ചിരിക്കുകയാണ്. വോട്ടിന് വേണ്ടി അവര്‍ ആരുമായും കൂട്ടുചേരും. സിദ്ധരാമയ്യ പറഞ്ഞു.

കര്‍ണാടകയില്‍ മുസ്‌ലിം വിഭാഗത്തിന് നിര്‍ണായക സ്വാധീനമാണുള്ളത്. ഇതാണ് കോണ്‍ഗ്രസിനെ അലട്ടുന്നതും. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാത്തെ മുസ്‌ലിം ജനസംഖ്യ 11 മുതല്‍ 13 ശതമാനം വരെയാണ്. 13 ശതമാനം വരുന്ന മുസ്‌ലിം വോട്ടുകളും മൂന്ന് ശതമാനം വരുന്ന ക്രിസ്ത്യന്‍ വോട്ടുകളുമാണ് കോണ്‍ഗ്രസിന്റെ ബലം. പാര്‍ട്ടിയുടെ അടിസ്ഥാനവോട്ടുബാങ്കുകളാണിത്. 15 ശതമാനം ന്യൂനപക്ഷ വോട്ടുകള്‍, 12 ശതമാനം ഒബിസി വോട്ടുകള്‍, 10 ശതമാനം എസ്‌സി/എസ്ടി വോട്ടുകള്‍, 10 ശതമാനം സവര്‍ണ വോട്ടുകള്‍ എന്നിങ്ങനെയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്ന വോട്ടിംഗ് ഷെയര്‍. ഇതിലൂടെ 40 ശമതാനം വോട്ടുകള്‍ നേടാനാകുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. ത്രികോണ മത്സരം നടക്കുന്ന സീറ്റുകളില്‍ 15 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നും പാര്‍ട്ടി വിശ്വസിക്കുന്നു. എന്നാല്‍ ഒവൈസി കുറഞ്ഞത് 40 സീറ്റുകളിലെങ്കിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ 2,000 മുതല്‍ 5,000 വരെ മുസ്‌ലിം വോട്ടുകള്‍ സ്വന്തമാക്കാന്‍ സാധിക്കും. ഇത് ത്രികോണമത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ ബിജെപിയുടെ വിജയം ഉറപ്പിക്കുമെന്നും കോണ്‍ഗ്രസ് ഭയക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top