ആകാശത്ത് ഇന്ന് ചാന്ദ്രവിസ്മയം; കണ്ടില്ലെങ്കില്‍ ഇനിയീ ജന്മത്ത് കാണാനാവില്ല

ഒന്നര നൂറ്റാണ്ടിനിടെ സംഭവിക്കുന്ന അത്ഭുത പ്രതിഭാസം നേരില്‍ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും. ഇന്ന് കണ്ടില്ലെങ്കില്‍ ഇനിയീ ജന്മത്ത് കാണാന്‍ കഴിയില്ല എന്നത് തന്നെയാണ് അതിന്റെ ഹൈലൈറ്റ്. ഇന്ന് ജനിച്ചവര്‍ പോലും അടുത്ത തവണ വീണ്ടുമീ പ്രതിഭാസം ആവര്‍ത്തിക്കുമ്പോള്‍ ജീവിച്ചിരിപ്പുണ്ടാവില്ല.

ഇതൊക്കെകൊണ്ടുതന്നെ കൗതുകവും ആവേശവുമടങ്ങിയ കാത്തിരിപ്പിലാണ് എല്ലാവരും. ഇരുപതാം നൂറ്റാണ്ടിലെ മഹാന്‍മാരായ ജ്യോതിശാസ്ത്രജ്ഞരൊന്നും കണ്ടിട്ടില്ലാത്ത പ്രപഞ്ച വിസ്മയത്തിനാണ് നമ്മള്‍ സാക്ഷിയാകുന്നത്. ഐന്‍സ്‌റ്റൈന്‍ വരെ കാണാത്തത് നമ്മള്‍ കാണുന്നുവെന്ന വസ്തുത ചെറിയ കാര്യമല്ലല്ലോ. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലടക്കം വമ്പന്‍ സന്ദേശങ്ങളാണ് ഇന്നത്തെ ചാന്ദ്ര വിസ്മയത്തെക്കുറിച്ച് പ്രചരിക്കുന്നത്. മറ്റെന്തു മറന്നാലും ഇന്ന് വൈകുന്നേരം 6.21 മുതല്‍ 7.37 വരെ മാനത്ത് നോക്കാന്‍ മറക്കരുതെന്നോര്‍മ്മിച്ചാണ് സോഷ്യല്‍മീഡിയ സന്ദേശങ്ങള്‍.

ബ്ലൂമൂണ്‍, സൂപ്പര്‍ മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ പ്രതിഭാസങ്ങള്‍ ഒന്നിച്ചുവരുന്ന പൂര്‍ണചന്ദ്രഗ്രഹണം ഇന്ന് വൈകിട്ട് ദൃശ്യമാകും. ഇതിന് മുമ്പ് ഇത്തരം ഒരു പ്രതിഭാസം സംഭവിച്ചത് 1866 ല്‍ ആണ്. ഇപ്പോള്‍ 152 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു ദൃശ്യവിരുന്ന ആവര്‍ത്തിക്കുന്നത്. വൈകിട്ട് 6.21 മുതല്‍ 7.37 വരെയാണ് ഗ്രഹണം. നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഇത് ദര്‍ശിക്കാമെന്നതാണ് പ്രത്യേകത.

ഗ്രഹണ സമയത്ത് ക്ഷേത്രങ്ങള്‍ അടച്ചിടും. തിരുവനന്തപുരവും കൊച്ചിയും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ മിക്ക സ്ഥലങ്ങളിലും ശാസ്ത്രസംഘടനകളും വിദ്യാഭ്യാസ, ഗവേഷണസ്ഥാപനങ്ങളും ചന്ദ്രഗ്രഹണം കാണാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബ്ലൂമൂണ്‍

ഒരു കലണ്ടര്‍ മാസത്തില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വെളുത്ത വാവിനെ സയന്‍സ് കമ്യൂണിറ്റി വിളിക്കുന്ന പേരാണിത്. അപൂര്‍വമായത് എന്ന പ്രയോഗമാണ് ഇതിന് പിന്നിലുള്ളത്. ചന്ദന്റെ നിറവുമായി ബന്ധമൊന്നുമില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബ്ലൂ മൂണ്‍ എന്നാല്‍ ഒരു ഋതുവില്‍ നാല് വെളുത്ത വാവുണ്ടായാല്‍ മൂന്നാമത്തെ വെളുത്ത വാവെന്നും പറയാം.

സൂപ്പര്‍ മൂണ്‍

ചന്ദ്രന്‍ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നത് 3,54,000 കിലോമീറ്ററും 4,10,000 കിലോമീറ്ററും ഉള്ള ഒരു ദീര്‍ഘ വൃത്ത പഥത്തിലാണ്. ഓരോ മാസവും ചന്ദ്രന്‍ ഇതിലൂടെ കടന്നു പോകും. അത്യപൂര്‍വമായി ചന്ദ്രന്‍ ഭൂമിയുടെ തൊട്ടടുത്തെത്തുമ്പോള്‍ വെളുത്ത വാവ് സംഭവിച്ചാല്‍ അതിനെ പറയുന്ന പേരാണ് സൂപ്പര്‍ മൂണ്‍. ഈ സമയം ചന്ദ്രബിംബത്തിന്റെ വലിപ്പം 14 ശതമാനം വരെ കൂടുതലായി ദൃശ്യമാകും. പുതുവര്‍ഷത്തെ വരവേറ്റ് ആകാശത്ത് ജനുവരി രണ്ടിന് സൂപ്പര്‍ മൂണ്‍ ആയിരുന്നു.

ബ്ലഡ് മൂണ്‍

ഗ്രഹണ സമയത്ത് ഭൂമി പൂര്‍ണമായും ചന്ദ്രനെ മറച്ചാലും ഭൗമാന്തരീക്ഷത്തില്‍ വച്ച് സൂര്യ രശ്മികള്‍ക്കുണ്ടാകുന്ന അപഭ്രംശം കാരണം പ്രകാശകിരണങ്ങള്‍ ചന്ദ്രനില്‍ പതിക്കും. ഇങ്ങനെ പതിച്ചതിനു ശേഷം പ്രതിഫലിക്കുന്ന കിരണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ വാതകത തന്മാത്രകളും ധൂളികളുമായി കൂട്ടിമുട്ടുകയും തരംഗദൈര്‍ഘ്യം കുറഞ്ഞ വര്‍ണ രാശികള്‍ക്ക് വിസരണം സംഭവിക്കുകയും ചെയ്യും. തരംഗദൈര്‍ഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് വര്‍ണങ്ങള്‍ മാത്രമേ നിരീക്ഷകന് കാണാന്‍ കഴിയൂ. അതായത് പൂര്‍ണ ചന്ദ്രഗ്രഹണസമയത്ത് ചന്ദ്രന്റെ നിറം ചോര പോലെ ചുമപ്പായിരിക്കും. കറുപ്പാകില്ല.

ബ്ലൂമൂണ്‍, സൂപ്പര്‍ മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ പ്രതിഭാസങ്ങള്‍ ഒന്നിച്ചുവരുന്നുവെന്നതാണ് ഇന്നത്തെ ചാന്ദ്ര വിസ്മയത്തിന്റെ പ്രത്യേകത.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top