സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതികള്‍ നിര്‍ത്തലാക്കുന്നു

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതികള്‍ സ്വകാര്യ ആശുപത്രികളില്‍ നിര്‍ത്തലാക്കുന്നു. കാരുണ്യ, സ്‌നേഹസ്പര്‍ശം, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ പദ്ധതികളാണ് മാര്‍ച്ച് 31 ന് ശേഷം നിര്‍ത്തലാക്കാന്‍ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച കാരുണ്യ, ആര്‍എസ്ബിവൈ, ഇസിഎച്ച്എസ് പോലുള്ള ആരോഗ്യ സുരക്ഷാ പദ്ധതികള്‍ സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. എന്നാല്‍ നൂറ് കോടിയിലധികം രൂപയാണ് ഈ പദ്ധതികള്‍ നടപ്പാക്കിയതിലൂടെ ആശുപത്രികള്‍ക്കുള്ള സര്‍ക്കാര്‍ കുടിശികയെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

അധികരിച്ചു വരുന്ന ചെലവുകള്‍ താങ്ങാനാകാതെ മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍. കൂടാതെ അശാസ്ത്രീയമായ ശമ്പള വര്‍ധനവും ജിഎസ്ടിയും സര്‍ക്കാര്‍ ഫീസുകളിലുള്ള വര്‍ധനവും കാരണം ആശുപത്രികള്‍ തുടര്‍ന്ന് നടത്തികൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും സ്വകാര്യ ആശുപത്രി അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ചികിത്സാ പദ്ധതികള്‍ തുടര്‍ന്ന് ഏറ്റെടുത്ത് നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ . ഇതിനു പുറമേയാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനായി സര്‍ക്കാര്‍ പുതിയ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് കൊണ്ടുവരാനൊരുങ്ങുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പലതവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും കെപിഎച്ച്എ സംസ്ഥാന പ്രസിഡന്റ് അഡ്വവക്കറ്റ് ഹുസൈന്‍ കോയ തങ്ങള്‍ പറഞ്ഞു. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിരമായി പരിഹാരം കണ്ടില്ലെങ്കില്‍ മാര്‍ച്ച് 31ന് ശേഷം കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ സൗജന്യ ചികിത്സാ പദ്ധതികള്‍ നിര്‍ത്തലാക്കാമെന്നും കെപിഎച്ച്എ ഭാരവാഹികള്‍ പറഞ്ഞു.

DONT MISS
Top