ഇത് വെറും അടയാളമല്ല, മുന്നറിയിപ്പാണ്; റോഡപകടങ്ങള്‍ കുറയ്ക്കാന്‍ വ്യത്യസ്തമാര്‍ന്ന ബോധവത്കരണ പരിപാടിയുമായി കോഴിക്കോട് ട്രാഫിക് പൊലീസ്


കോഴിക്കോട്‌: റോഡപകടങ്ങള്‍ കുറക്കാന്‍ പല തരത്തിലുള്ള ബോധവത്കരണങ്ങള്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും നടത്താറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പരിപാടിയുമായാണ് കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് രംഗത്തിറങ്ങിയിരിക്കുന്നത്.

കോഴിക്കോട് നഗരത്തിലും അനുബന്ധ പ്രദേശങ്ങളിലെ റോഡുകളിലും മഞ്ഞയില്‍ രക്തക്കളറുള്ള അടയാളം കണ്ടാല്‍ ഇനി രണ്ടിലൊന്ന് ചിന്തിക്കേണ്ടതില്ല. അമിതവേഗതയും അശ്രദ്ധയും മനുഷ്യ ജിവനെടുത്ത സ്ഥലങ്ങളായിരിക്കും അത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കോഴിക്കോട് നഗരപരിധിയില്‍ 181 ജീവനുകളാണ് റോഡപകടങ്ങളില്‍ പൊലിഞ്ഞത്. ഇനിയും രക്തം ചിന്താതിരിക്കാന്‍ കോഴിക്കോട് സിറ്റി ട്രാഫിക്ക് പൊലീസാണ് മഞ്ഞയില്‍ രക്തകളറുള്ള ഈ അടയാളങ്ങള്‍ റോഡില്‍ പതിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.

ഇരുചക്രവാഹനക്കാരുടെയും കാല്‍നടയാത്രക്കാരുടെയും ജീവനുകളാണ് ഇവിടെ കൂടുതലായി പൊലിഞ്ഞത്. അതുകൊണ്ട് തന്നെ ഈ ബോധവത്കരണം പ്രധാനമായും ഇത്തരക്കാരെ കണക്കിലെടുത്തുമാണ്. തെല്ലൊന്നു ഭയപ്പെടുത്തുന്ന ഈ അടയാളങ്ങള്‍ ഒരു മുന്നറിയിപ്പാണ്. അതുകൊണ്ട് തന്നെ ഒന്നോര്‍ത്താല്‍ നന്ന്, നമ്മള്‍ കാരണം റോഡുകളില്‍ ഈ ചിത്രങ്ങള്‍ പതിയാതിരിക്കട്ടെ എന്ന്.

DONT MISS
Top