തളര്‍ന്നു വീഴുമ്പോള്‍ കൂടി നില്‍ക്കുന്നവരുടെ കണ്ണുകളില്‍ കരുണ തേടാതിരിക്കാന്‍ പരിശീലിച്ചു തുടങ്ങുക

ചിന്തിക്കാനുള്ള കഴിവുണ്ട് നമുക്കൊക്കെ. ഭാവി ജീവിതം എങ്ങനെ ഭദ്രമാക്കണമെന്ന്, നേട്ടങ്ങള്‍ എങ്ങനെ സ്വന്തമാക്കണമെന്ന് നമുക്കറിയാം. ജീവിതത്തില്‍ നല്ലതും ചീത്തയും തിരിച്ചറിയാനും നമ്മളെ മോശമായി ബാധിക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങളില്‍ നിന്ന് അകലം പാലിക്കാനും അറിയാം. എല്ലാം നല്ലതാണ്. ഒരു ജീവിതമല്ലേയുള്ളൂ, നല്ലതൊക്കെ നേടി നന്നായിത്തന്നെ ജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ.

എന്നിട്ടോ? മരിക്കാതിരിക്കാനുള്ള എന്തെങ്കിലും മാര്‍ഗങ്ങളറിയാമോ? ജീവിതം അനാദികാലത്തോളം നീട്ടാനുള്ള എന്തെങ്കിലും കുറുക്കുവഴികളറിയാമോ? ഞാന്‍ എന്റെ യൗവനത്തിലോ മധ്യവയസ്സിലോ മരിക്കില്ലെന്ന് വെറുതെയെങ്കിലും ഉറപ്പ് പറയാമോ? ഇല്ലെങ്കില്‍ ആ ഒറ്റക്കാരണം കൊണ്ടെങ്കിലും മരിക്കുവോളം മനുഷ്വത്വം ഉള്ളവരായി ജീവിച്ചുകൂടേ? ജീവനെക്കാള്‍ വിലപിടിപ്പുള്ളതായി എന്താണുള്ളത്. ഒരു മനുഷ്യന്‍ കണ്‍മുന്നില്‍ ജീവനു വേണ്ടി പിടഞ്ഞ് അവസാനത്തെ ആശ്രയമായി നമ്മുടെ നേര്‍ക്ക് കൈനീട്ടുമ്പോള്‍ എങ്ങനെയാണ് മുഖം തിരിക്കാന്‍ കഴിയുന്നത്? വെറുതെ കാഴ്ചക്കാരായി നിന്ന് രക്തം വാര്‍ന്നൊഴുകുന്നത് കണ്ട് നിസംഗരായിരിക്കാന്‍ കഴിയുന്നത്?

എറണാകുളത്ത് പത്മ ജംഗ്ഷന് സമീപത്തുള്ള മൂന്നു നില കെട്ടിടത്തിനു മുകളില്‍ നിന്ന് സജി എന്ന ആ മനുഷ്യന്‍ താഴെ വീണത് ആത്മഹത്യ ചെയ്യാന്‍ ചാടിയതുകൊണ്ടല്ല. അപസ്മാരം വന്ന് തലകറങ്ങി വീണുപോയതാണ്. തലയടിച്ച് ആ മനുഷ്യന്‍ വന്നുവീണപ്പോള്‍ എത്രപേരാണ് അവിടെയുണ്ടായിരുന്നത്. വെറുതെ നോക്കിനിന്നതല്ലാതെ മരിച്ചോ എന്നറിയാന്‍ പോലും ആരും ഒന്നു തൊട്ടുനോക്കിയില്ല. പോലീസിനെയോ ആംബുലന്‍സിനെയോ വിളിക്കാന്‍ ഒരാള്‍ക്ക് പോലും തോന്നിയില്ല. പിടഞ്ഞുപിടഞ്ഞു തീരുകയാണെങ്കില്‍ അവസാനം വരെ ആ കാഴ്ച കാണാനായി കൂടിനിന്നവരെല്ലാം തങ്ങളുടെ വിലപ്പെട്ട സമയം ചെലവഴിച്ചു.

ഇവിടെയീ സോഷ്യല്‍ മീഡിയയില്‍ നാട്ടിലെ സകല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന യുവജനങ്ങളുടെ നല്ലൊരു ശതമാനം പ്രതിനിധികള്‍ അവിടെയുണ്ടായിരുന്നു. പക്ഷേ എന്തോ അവരാരും നിന്നിടത്തുനിന്നും അനങ്ങിയില്ല. ഇതല്ല, ഇങ്ങനെയല്ല ഞങ്ങള്‍ ഇടപെടണമെങ്കില്‍ ആദ്യം ആ വിഷയം കേരളമൊട്ടാകെ ചര്‍ച്ചയാകണം. പിന്നെ ആ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നവരൊക്കെ വാര്‍ത്തകളില്‍ ഇടം പിടിക്കണം, അങ്ങനെയെങ്കില്‍ ഒരു കൈ നോക്കാം എന്നൊരു ലൈനിലായിരുന്നു അവിടെയുണ്ടായിരുന്ന യുവജനങ്ങള്‍.

സജി വീഴുന്ന സമയത്ത് റോഡിലും പരിസരത്തുമായി നിരവധിയാളുകളുണ്ടായിരുന്നെങ്കിലും ഒരാളുപോലും സഹായത്തിനെത്തിയില്ല. രക്തമൊലിപ്പിച്ച് ജീവന് വേണ്ടി പിടഞ്ഞ് മണിക്കൂറുകളോളം ഒരു മനുഷ്യന്‍ റോഡില്‍ കിടന്നിട്ടും സ്ഥലത്തുണ്ടായിരുന്നവരൊക്കെ വെറും കാഴ്ചക്കാരായി.

മനുഷ്വത്വം മരവിച്ചവര്‍ക്കിടയില്‍ ഇനിയും ചില സ്പന്ദനങ്ങള്‍ ബാക്കിയുണ്ടെന്ന് തെളിയിച്ചുകൊണ്ടാണ് അഭിഭാഷകയായ രജ്ഞിനി എന്ന സ്ത്രീ അവിടെയെത്തിയത്. ജീവനെക്കാള്‍ വിലപിടിപ്പുള്ളത് എന്തുണ്ടെന്നാണ് അവര്‍ ചോദിച്ചത്. ആ മനുഷ്യനെ കാത്തിരിക്കാന്‍ ആരെങ്കിലുമൊക്കെയുണ്ടാകും എന്നോര്‍ത്തപ്പോള്‍ എല്ലാവരെയും പോലെ വെറുതെ കാഴ്ചക്കാരിയാകാന്‍ എനിക്ക് കഴിഞ്ഞില്ല എന്നവര്‍ പറഞ്ഞപ്പോള്‍ ശരിക്കും മനസ്സ് നിറഞ്ഞുപോയി.

കാത്തിരിക്കാന്‍ ആ മനുഷ്യന് ആരുമില്ല. ഒരു ജോലി അന്വേഷിച്ചാണ് സജി എന്ന ആ 48കാരന്‍ കൊച്ചിയിലെത്തിയത്. ബോധം വന്നപ്പോള്‍ ആശുപത്രിക്കിടക്കയില്‍ വെച്ച് ആ മനുഷ്യന്‍ പറഞ്ഞത് എനിക്കൊരു ചേട്ടനുണ്ട് വിളിച്ചാല്‍ വരുമോ എന്നെനിക്കറിയില്ല എന്നാണ്. താന്‍ വീണപ്പോള്‍, അബോധാവസ്ഥയില്‍ രക്തമൊലിപ്പിച്ച് പിടഞ്ഞപ്പോള്‍ കൊച്ചിയിലെ പ്രബുദ്ധരായ ജനങ്ങള്‍ ആ കാഴ്ച കണ്ട് ആസ്വദിച്ചതിനെക്കുറിച്ച് അയാള്‍ക്ക് ഒന്നുമറിയില്ല. പരാതിയുമില്ല. ജീവന്‍ കിട്ടിയതില്‍ നന്ദി മാത്രം.

നല്ലതാണ്, എല്ലാം നല്ലതിനാണ്. ലോകം എത്രയൊക്കെ മാറിയാലും നമ്മള്‍ എന്തൊക്കെ നേടിയാലും ഒരിക്കല്‍ മരിക്കുകതന്നെ വേണം. ജീവനെ അതിജീവിക്കുന്ന മാന്ത്രികവിദ്യ മാത്രം ഇതുവരെയാരും കണ്ടുപിടിച്ചിട്ടില്ല. യാത്രകളില്‍ നമ്മളും തളര്‍ന്നുവീണേക്കാം. അന്ന് ഇതുപോലെ ചുറ്റും കൂടി നില്‍ക്കുന്നവരുടെ കണ്ണുകളില്‍ കരുണ പ്രതീക്ഷിക്കാതിരിക്കാന്‍ കൂടി പരിശീലിച്ചേക്കുക. അവസാനത്തെ കച്ചിത്തുരുമ്പിനായി ആര്‍ക്കുനേരെയും കൈ നീട്ടാതിരിക്കുക. കാരണം നമ്മള്‍ കൊടുക്കാത്തതൊന്നും പ്രതീക്ഷിക്കാന്‍ നമുക്ക് അവകാശമില്ലല്ലോ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top