പത്മാവത്: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി

ദില്ലി: ബോളിവുഡ് ചലച്ചിത്രമായ പത്മാവതിന്റെ സെന്‍സര്‍ സിര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. കൃത്യമായ പരിശോധനകള്‍ ഇല്ലാതെയാണ് സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന ആരോപണം കോടതി പരിഗണിച്ചില്ല. അഭിഭാഷകന്‍ എംഎല്‍ ശര്‍മ്മയാണ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സിനിമയുടെ പ്രദര്‍ശനം നിരോധിക്കണം എന്ന ആവശ്യം നേരത്തെ രണ്ട് തവണ സുപ്രിം കോടതി തള്ളിയിരുന്നു.

വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രം വിലക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകളും സുപ്രിം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിച്ച കോടതി ചിത്രത്തിന്റെ റിലീസ് തീയതി മാറ്റമില്ലെന്നും റിലീസിനോടനുബന്ധിച്ച് ഏതെങ്കിലും വിധത്തില്‍ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ അത് നേരിടേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും വ്യക്തമാക്കിയിരുന്നു.

ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു പത്മാവതിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. പത്മാവതി എന്നായിരുന്നു ചിത്രത്തിന് ആദ്യം പേര് നല്‍കിയിരുന്നത്. ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കണമെന്നും വിവാദമായേക്കാവുന്ന ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.

DONT MISS
Top