കളികള്‍ക്കുമപ്പുറത്തെ അര്‍ജന്റീന: ചെഗുവേരയും മറഡോണയും ഫ്രാന്‍സിസ് മാര്‍പാപ്പയും

ഫ്രഞ്ച് തത്വചിന്തകനും എഴുത്തുകാരനുമായ ഴാങ്‌പോള്‍ സാര്‍ത്ര് ഒരിക്കല്‍ പറഞ്ഞു. ‘നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ച സമ്പൂര്‍ണമനുഷ്യനാണ് ചെഗുവേരയെന്ന്’. എന്തും സാധ്യമാണെന്ന് തന്റെ നിശിതമായ ജീവിതത്തിലൂടെ ലോകത്തെ പഠിപ്പിച്ച ചെഗുവേരയെ അറിയാത്തവരാരും ഉണ്ടാകില്ല. അതിനാല്‍ സാര്‍ത്രിന്റെ വാക്കുകള്‍ ഒട്ടും അതിശയോക്തിപരമല്ലെന്ന് നമുക്കറിയാം. ഒരു ചെറിയ മുഖവുരപോലും വേണ്ടാത്തവിധം മലയാളികള്‍ക്കും അത്രമേല്‍ പ്രിയപ്പെട്ടവനാണ് ചെഗുവേര.

1928-ല്‍ അര്‍ജ്ജന്റീനയിലെ റൊസാരിയോയില്‍ ജനിച്ച് 1967-ല്‍ ബൊളീവിയയില്‍ അമേരിക്കന്‍ പട്ടാളം പിടികൂടി വെടിവച്ചുകൊല്ലുമ്പോള്‍ ചെഗുവേരയ്ക്കു പ്രായം വെറും 39-ആയിരുന്നു. വളരെ ഹ്രസ്വമായ ഈ കാലയളവിനുള്ളിലാണ് മാനവികതയുടെ നിത്യജ്ജ്വാലയായി അദ്ദേഹം തന്റെ ജീവിതത്തെ പരിവര്‍ത്തിപ്പിച്ചത്. എല്ലാ അമാവാസികള്‍ക്കും മുകളില്‍ ഒടുങ്ങാത്ത താക്കീതായി ആ നക്ഷത്രം ഇപ്പോഴും ജ്വലിച്ചിനില്‍ക്കുന്നു. സ്വപ്‌നങ്ങളായും പ്രതീക്ഷകളായും ഇച്ഛാശക്തിയായും പോരാട്ടവീറായും.

സാര്‍ത്രും അദ്ദേഹത്തിന്റെ ഭാര്യ സിമോന്‍ ദി ബൊവ്വാറും ചെഗുവേരയുടെ ഉറ്റ സുഹൃത്തുക്കളുമായിരുന്നു. സാത്രിന്റെ വിശേഷണം അങ്ങനെ തന്നെ അര്‍ഹിക്കുന്നവരായി ഇനിയും ചിലര്‍കൂടിയുണ്ട് അര്‍ജ്ജന്റീനയില്‍. ചെഗുവേരയെപ്പോലെ തന്നെ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരായ ജോര്‍ജ്ജ് ലൂയി ബോര്‍ഹസും ഫ്രാന്‍സിസ് മാര്‍പ്പാപ്പയും പിന്നെ മറഡോണയും മെസിയും.

ചെഗുവേരമുതല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പവരെയുള്ളവര്‍ ഒരു പോലെ പങ്കുവയ്ക്കുന്ന ചിലസവിശേഷതകളുണ്ട്. അവയാകട്ടെ അങ്ങേയറ്റം മനുഷ്യ സ്‌നേഹത്താല്‍ പ്രചോദിതവുമാണ്. അര്‍ജ്ജന്റീനയുടെ ചരിത്രവും സംസ്‌കാരവും ഭൂമിശാസ്ത്രവും ദാരിദ്ര്യവും പോരാട്ടങ്ങളും വിജയപരാജയങ്ങളുമാകാം ഇവരുടെ സിരകളില്‍ വിശ്വമാനവീകതയുടെ രക്തം നിറച്ചത്. ഇവര്‍ അര്‍ജ്ജന്റീനയെന്ന ദേശത്തിന്റെ പരിമിതികള്‍ ഉല്ലെംഘിച്ച് ഭൂമിയോളം നിറയുന്നു. ഇവരെമാറ്റി നിറുത്തി അര്‍ജ്ജന്റീനയുടെ കാല്‍പ്പന്തിനെക്കുറിച്ചെന്നു മാത്രമല്ല ഒന്നിനേക്കുറിച്ചും പറയാനാകില്ല.

ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസിനു മുമ്പ് മലയാളികള്‍ പരിചയപ്പെട്ടപേരാണ് അര്‍ജ്ജന്റൈന്‍ എഴുത്തുകാരനായ ജോര്‍ജ്ജ് ലൂയി ബോര്‍ഹസിന്റേത് (1899-1986). എഴുപതുകളില്‍ തന്നെ ബോര്‍ഹസിന്റെ ചെറുകഥകളുമായി മലയാളികള്‍ ഹൃദയബന്ധം സ്ഥാപിച്ചുകഴിഞ്ഞിുന്നു. എം.ടി.വാസുദേവന്‍നായരും എം ഗോവിന്ദനും വിപി ശിവകുമാറും ബോര്‍ഹസിന്റെ കഥകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എണ്‍പതുകള്‍ക്കു മുമ്പുതന്നെ അവ പുസ്തകരൂപത്തിലും പുറത്തുവന്നിരുന്നു. വജ്ജ്രത്തരികള്‍ പോലുള്ള ബോര്‍ഹസിന്റെ വാക്കുകള്‍ മലയാളം പോലൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുക ദുഷ്‌കരമാണെന്ന് ശിവകുമാര്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. വാക്കുകളെ അതിന്റെ തനിമയില്‍ ദര്‍ശിക്കാനായിരുന്നു ബോര്‍ഹസിനിഷ്ടം.

നാടോടിപ്പാട്ടുകളിലും നാടോടിക്കഥകളിലും ബോര്‍ഹസ് ക്ഷമയോടെ വാക്കുകളെ പരതി നടന്നു. സ്പാനിഷ് കൂടാതെ ഫ്രഞ്ചും ഇംഗ്ലീഷും വശമായിരുന്നു ബോര്‍ഹസിന്. അവിടേയും അവയുടെ പ്രാചീന വേരുകള്‍ അന്വേഷിക്കുന്നതിലായിരുന്നു താല്‍പര്യം. എന്തിനേയും ബാഹ്യമോടികളില്‍ നിന്നു മോചിപ്പിച്ച് അതിന്റെ വേരുകളില്‍ ദര്‍ശിക്കാനുള്ള പ്രവണതയുടെ ഭാഗമായിരുന്നു ഇത്. മനുഷ്യന്‍ അവന്റെ അടിസ്ഥാന സ്വത്വത്തില്‍ അഭിന്നനാണെന്നുള്ള ഉജ്ജ്വലമായ അദൈ്വതത്തിലേക്കുള്ള പ്രവേശനമാണിത്. ചെഗുവേരയില്‍ കണ്ട അതേമനോഭാവത്തിന്റെ വേറൊരു മുഖമാണ് ബോര്‍ഹസില്‍ കാണുന്നത്.

മാര്‍ക്കേസിലൂടെ മലയാളി പരിചയപ്പെട്ട മാജിക്കല്‍ റിയലിസമെന്ന സങ്കേതത്തിന്റെ ആദ്യ പ്രയോക്താവും ബോര്‍ഹസായിരുന്നു. മാര്‍ക്കേസ് സൃഷ്ടിച്ച പ്രളയത്തില്‍ മലയാളി ഇക്കാര്യം ശ്രദ്ധിക്കാതെ പോയി. 1899-ല്‍ ബ്യൂണസയേഴ്‌സില്‍ ജനിച്ച് 1986-ല്‍ എണ്‍പത്തിയാറാമത്തെ വയസില്‍ അന്തരിച്ച ബോര്‍ഹസ് മാര്‍ക്കേസിന് മുമ്പേ നോബല്‍ സമ്മാനം ലഭിക്കേണ്ട എഴുത്തുകാരനുമായിരുന്നു. പക്ഷേ അതുണ്ടായില്ല.

ഇതിന്റെ തുടര്‍ച്ചയായി വേണം അര്‍ജ്ജന്റീനക്കാരനായ മാര്‍പ്പാപ്പയുടെ വാക്കുകളെ കേള്‍ക്കാന്‍. അദ്ദേഹത്തിന്റെ ഉദ്‌ബോധനങ്ങളിലും അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ആവര്‍ത്തിക്കുന്നൊരു വാക്യമുണ്ട്. ‘ മാനവീകതയുടെ ദാരിദ്ര്യം ‘ എന്നാണ് ആ വാക്യം. വര്‍ത്തമാനകാലത്ത് ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ഇതാണെന്ന് മാര്‍പ്പാപ്പ ആവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ ദുരവസ്ഥയ്ക്കുകാരണം മുതലാളിത്തമാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.

മുതലാളിത്തത്തിന്റെ വ്യാപനവും അതാര്‍ജ്ജിക്കുന്ന കരുത്തും സര്‍വനാശത്തിന് കാരണമാകുമെന്നും പാപ്പ നിരീക്ഷിക്കുന്നു. മാര്‍പ്പാപ്പ കമ്മ്യൂണിസ്റ്റ് കാരുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന വിമര്‍ശനവും ഇതിനിടയില്‍ ഉയര്‍ന്നു. നമ്മുടെ നാട്ടിലെ കുട്ടിമാര്‍പ്പാപ്പമാരും ലേഖനമെഴുതിയും പ്രസംഗിച്ചും ഇതേ ആവലാതി പങ്കിട്ടു. എന്നാല്‍ ഇവരെല്ലാം മറന്നുപോയൊരു കാര്യമുണ്ട്. മാര്‍പ്പാപ്പ ചെഗുവേരയുടേയും മറഡോണയുടേയും നാട്ടുകാരനാണെന്ന കാര്യം. ഒരു അര്‍ജ്ജന്റീനക്കാരനും വിശാലമാനവീകതയുടെ രക്തമൊഴുകുന്ന ഞരമ്പുകള്‍ മുറിച്ചുമാറ്റാന്‍ കഴിയില്ലെന്ന കാര്യം.

ധാരാളം മാര്‍പ്പാപ്പമാരെ നമ്മള്‍ കണ്ടിട്ടുണ്ട്. അവരില്‍ ഭൂരിപക്ഷവും മുതലാളിത്തത്തിന്റേയും അതിന്റെ മനുഷ്യവിരുദ്ധമായ താല്‍പര്യങ്ങളുടേയും കുഴലൂത്തുകാരായിരുന്നു എന്നും നമുക്കറിയാം. എന്നാല്‍ അവിടെ ഈ അര്‍ജ്ജന്റീനക്കാരന്‍ ഒരു പ്രകാശഗോപുരമായി ഉയര്‍ന്നു നില്‍ക്കുന്നു. ഒരു കാര്യം കൂടി ഓര്‍ക്കുക പ്രായത്തില്‍ ചെഗുവേരയില്‍ നിന്ന് എട്ടുവര്‍ഷത്തെ ഇളപ്പമേ മാര്‍പ്പാപ്പയ്ക്കുള്ളു.

കളിയും പോരാട്ടവും രണ്ടായിരുന്നില്ല മറഡോണയ്ക്ക്. മനുഷ്യ വിരുദ്ധമായതിനോടെല്ലാം നിതാന്തമായ കലാപത്തിലായിരുന്നു അദ്ദേഹം. മാര്‍പ്പാപ്പയോടുപോലും ഇക്കാര്യത്തില്‍ പൊട്ടിത്തെറിക്കാന്‍ മറഡോണ മടികാണിച്ചില്ല. ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയില്‍ കളിക്കുന്ന കാലത്ത് ഒരിക്കല്‍ മറഡോണ വത്തിക്കാനിലെത്തി പോപ്പിനെ സന്ദര്‍ശിച്ചു. അവിടെ സ്വര്‍ണം പൂശിയ മച്ച് മറഡോണയുടെ ശ്രദ്ധയില്‍പ്പെട്ടു. പാവപ്പെട്ടകുട്ടികളോട് വത്തിക്കാന് പ്രത്യേക ശ്രദ്ധയുണ്ടെന്ന് അപ്പോഴാണ് മാര്‍പ്പാപ്പ പറഞ്ഞത്. അങ്ങനെയെങ്കില്‍ മച്ചിലെ സ്വര്‍ണം വിറ്റ് കുട്ടികളെ സഹായിച്ചു കൂടേ എന്നായിരുന്നു മറഡോണയുടെ ചോദ്യം.

പോപ്പിനെ ചോദ്യം ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചൊന്നും മറഡോണയ്ക്ക് വേവലാതിയുണ്ടായിരുന്നില്ല. തനിക്കും അമ്മയ്ക്കും ഭാര്യയ്ക്കും നല്‍കിയ ജപമാലകളുടെ കാര്യത്തില്‍ പോപ്പ് വിവേചനം കാണിച്ചു എന്നും മറഡോണ അക്ഷേപമുന്നയിച്ചു. സാധാരണ മനുഷ്യന്റെ അഭിമാനത്തെ വ്രണപ്പെടുത്തുന്നതൊന്നും സമ്മതിച്ചുകൊടുക്കാന്‍ മറഡോണ ഒരിക്കലും തയ്യാറല്ല. വിവേചനം അത് ആരുടെ ഭാഗത്തുനിന്നുണ്ടായാലും പൊറുക്കുകയുമില്ല. അതാണ് മറഡോണയുടെ വ്യക്തിത്വം.

പില്‍ക്കാലത്ത് ലോകകപ്പില്‍ കളിക്കുമ്പോള്‍ ഉത്തേജകം ഉപയോഗിച്ചു എന്നാരോപിച്ച് മറഡോണ പിടിക്കപ്പെട്ട കാര്യം ഇവിടെ ഓര്‍ക്കാം. പോപ്പിനെ വിമര്‍ശിച്ചതിന്റെ ബാക്കിപത്രമായിരുന്നു അതെന്ന് ഇപ്പോള്‍ നമുക്കറിയാം. എന്നിട്ടും ആര്‍ക്കും വിധേയനാകാതെ തന്റെ ബോധ്യങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു മറഡോണ.

മറഡോണ കളിക്കാന്‍ തെരഞ്ഞെടുത്തത് ഒരിക്കലും പണക്കൊഴുപ്പുള്ള ക്ലബ്ബുകളെയായിരുന്നില്ല. അതിന് വിരുദ്ധം എന്നു പറയാവുന്നത് ബാഴ്‌സലോണ മാത്രമായിരുന്നു. അവിടെ അധികനാള്‍ തുടര്‍ന്നുമില്ല. ഫിഡല്‍ കാസ്‌ട്രോയുടേയും ഹ്യൂഗോഷാവേസിന്റേയും അടുത്ത ചങ്ങാതിയായിരുന്നു മറഡോണ. ഈ രണ്ടു കാര്യങ്ങളും വിരല്‍ ചൂണ്ടുന്നത് താരത്തിന്റെ അടിസ്ഥാന താല്‍പര്യങ്ങളുടെ സ്വഭാവത്തിലേക്കുതന്നെ.

2005-ല്‍ അര്‍ജ്ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയഴ്‌സിന്റെ സമീപമുള്ള കടലോര വിശ്രമ കേന്ദ്രമായ ഡെല്‍പ്ലാറ്റയില്‍ അമേരിക്കന്‍ രാജ്യങ്ങളുടെ ഒരു ഉച്ചകോടി നടന്നു. അമേരിക്കന്‍ രാജ്യങ്ങളെ ഏക സ്വതന്ത്രവ്യാപാരമേഖലയാക്കുക എന്നതായിരുന്നു ലക്ഷ്യം. അമേരിക്ക മുന്‍കൈ എടുത്തു നടത്തുന്ന മൂന്നാമത്തെ സമ്മേളനമായിരുന്നു അത്. ക്യൂബ ഒഴിച്ചുള്ള 34 രാജ്യങ്ങളുടേയും പ്രതിനിധികള്‍ സമ്മളനത്തിനെത്തിയിരുന്നു. ക്യൂബയെ ഒറ്റപ്പെടുത്തി മറ്റു രാജ്യങ്ങളെ ഒരുമിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഹോട്ടലിന് പുറത്ത് പ്രകടനങ്ങള്‍ പ്രകമ്പനം കൊണ്ടു. പ്രകടനങ്ങളുടെ അമരത്ത് മറഡോണയായിരുന്നു. ബുഷിന്റെ ചിത്രത്തിന് മുകളിലും താഴേയും യുദ്ധക്കുറ്റവാളി എന്നെഴുതിയ ജെഴ്‌സി മറഡോണ പ്രകടനം നയിക്കാന്‍ എത്തിയത്. ശക്തമായ പ്രതിഷേധത്തിന്റെ ഫലമായി ഉച്ചകോടി തീരുമാനം എടുക്കാതെയാണ് പിരിഞ്ഞത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്പാനിഷ് ആധിപത്യത്തില്‍ നിന്ന് ലാറ്റിനമേരിക്കയെ മോചിപ്പിക്കാന്‍ പോരാടിയ സൈമണ്‍ബൊളീവര്‍ എന്ന ധീരനായ വിപ്ലവകാരിയോടാണ് മറഡോണയെ താരതമ്യപ്പെടുത്തുന്നത്. മുതലാളിത്തത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ ഒരു പടയാളിയായി താന്‍ എപ്പോഴും ഉണ്ടാകുമെന്ന് മറഡോണ പ്രഖ്യാപിച്ചത് അടുത്തിടെയാണ്.

ലയണല്‍മെസിയേയും ഈ പരമ്പരയിലെ മികച്ചൊരു കണ്ണിയായിത്തന്നെ നമുക്ക് കാണാനാകും. അന്‍്രമുഖനും ലജ്ജാലുവുമാണ് പൊതുവേ മെസി. വളരെകുട്ടിയായിരിക്കുമ്പോള്‍ തന്നെ മെസി പരിശീലനത്തിനും ചികില്‍സയ്ക്കുമായി സ്‌പെയിനില്‍ എത്തിയിരുന്നു. അതിനാല്‍ അദ്ദേഹത്തിന് അര്‍ജ്ജന്റീനയുടെ പൊള്ളുന്ന ജിവിതത്തെക്കുറിച്ച് മറഡോണയോളം അറിവുണ്ടാകണമെന്നില്ല. പക്ഷേ ാെരു അര്‍ജ്ജന്റീനക്കാരനില്‍ സാധാരണകാണുന്ന തരത്തിലുള്ള സ്വഭാവസവിശേഷതകളെല്ലാം മെസിയിലുംകാണാം.

തന്റെ തിരക്കുപിടിച്ച ഷെഡ്യൂള്‍ മറികടന്ന് ചാരിറ്റി സംരംഭങ്ങള്‍ക്കുവേണ്ടി സമയം കണ്ടെത്താറുണ്ട് മെസി. അതിനുവേണ്ടിയുള്ള പണം സമ്പാദിക്കാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അദ്ദേഹം സൗഹൃദമല്‍സരങ്ങല്‍ സംഘടിപ്പിക്കാറുണ്ട്. താന്‍ കളിച്ചു സമ്പാദിക്കുന്നതില്‍ ഒരു ഭാഗം അര്‍ജ്ജന്റീനയിലെ കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഉപയോഗിക്കുന്നുമുണ്ട്.

കളിക്കളത്തിലെ പെരുമാറ്റത്തിലും ഈ നന്മകള്‍ നമുക്ക് കാണാം. കളിക്കളത്തില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ചെയ്യപ്പെടുന്ന കളിക്കാരനാണ് മെസി. മുമ്പ് ഈ സ്ഥാനത്ത് മറഡോണയായിരുന്നു. എന്നാല്‍ തിരിച്ചൊരിക്കലും എതിര്‍ കളിക്കാര്‍ക്കെതിരെ മറഡോണയോ മെസിയോ മനഃപൂര്‍വമായി ഫൗള്‍ ചെയ്യുന്നത് കണ്ടിട്ടുമില്ല. എതിര്‍കളിക്കാരോട് കയര്‍ക്കുന്നതോ റഫറിമാരോട് അമാന്യമായി പെരുമാറുന്നതോ അവരുടെ രീതിയല്ല. സഹനം അവരുടെ സംസ്‌കാരത്തിന്റെ മൗലികതയാണ്. ചെഗുവേരയിലും മറഡോണയിലും മെസിയിലും മാര്‍പ്പാപ്പയിലും നാടിന്റെ നന്മകള്‍ അതിന്റെ പൂര്‍ണതയില്‍ തന്നെ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. അപ്പോള്‍ സമ്പൂര്‍ണമനുഷ്യന്‍ എന്ന വിശേഷണം ഇവര്‍ക്കിണങ്ങും. ഈ പശ്ചാത്തലത്തില്‍ വേണം അര്‍ജ്ജന്റീനയിലെ കാല്‍പ്പന്തുകളിയേയും പൂര്‍ണമായ അര്‍ഥത്തില്‍ മനസിലാക്കാന്‍.
(തുടരും)

(അടുത്ത ഭാഗം-അര്‍ജ്ജന്റീനയുടെ ഇതിഹാസ താരങ്ങള്‍)

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top