വിലക്ക് സ്‌കൂളുകളിലും; പരിപാടികളില്‍ പത്മാവതിലെ ഗാനം ഉപയോഗിക്കരുതെന്ന് ഉത്തരവ്

പത്മാവത് സിനിമയിലെ ദൃശ്യം

അഹമ്മദാബാദ്: റിലീസ് ചെയ്തിട്ടും കുരുക്കൊഴിയാതെ സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവത്. ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ മൂന്ന് ജില്ലകളിലെ സ്‌കൂളുകളില്‍ ചിത്രത്തിലെ ‘ഘൂമര്‍’ ഗാനം ഉപയോഗിക്കരുതെന്ന് കാട്ടി പ്രാഥമിക വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

മഹിസഗര്‍, ഭവനഗര്‍ തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് പത്മാവതിലെ ‘ഘൂമര്‍’ ഗാനം ആഘോഷങ്ങളില്‍ ഉള്‍ക്കൊള്ളിക്കരുതെന്ന് കാട്ടി ഉത്തരവ് നല്‍കിയത്. നേരത്തെ ചിത്രത്തിന്റെ റിലീസ് തടയാന്‍ ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

സാമൂഹികമായും സാംസ്‌കാരികമായും പത്മാവതിനെക്കുറിച്ച് സംസ്ഥാനത്ത് വിവാദങ്ങള്‍ നിലനില്‍ക്കെ ചിത്രത്തിലെ ‘ഘൂമര്‍’ എന്ന ഗാനം സ്‌കൂളുകളിലെ ആഘോഷങ്ങളില്‍ ഉപയോഗിക്കരുതെന്ന് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവില്‍ പറയുന്നു. ഏതെങ്കിലും പരിപാടികളില്‍ ഗാനം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെടുകയാണെങ്കില്‍ അവ തടയണമെന്നും, സംഘര്‍ഷസാധ്യത ഒഴിവാക്കണമെന്നും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്.

അതേസമയം ഇത്തരത്തില്‍ ഒരു ഉത്തരവിനെ കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് മഹിസഗര്‍ ജില്ലാ കളക്ടര്‍, എംഡി മോദിയ അറിയിച്ചു. പത്മാവതിലെ ഗാനം ഏതെങ്കിലും പരിപാടികളില്‍ നിരോധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്മാവതിലെ ഗാനം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയും അറിയിച്ചു. ഉദ്യോഗസ്ഥര്‍ അത്തരത്തില്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കില്‍ തീരുമാനത്തിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്മാവതിലെ ‘ഘൂമര്‍’ എന്ന ഗാനം-

DONT MISS
Top