കേരളബാങ്ക് പുതിയ ബാങ്കല്ല, കൂടുതല്‍ തെളിവുകള്‍ പുറത്ത്; റിപ്പോര്‍ട്ടര്‍ ഫോളോഅപ്


കണ്ണൂര്‍: കേരളബാങ്ക് പുതിയതായി രൂപീകരിക്കുന്ന ബാങ്കല്ലെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത്. സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തിനായി സര്‍ക്കാര്‍ നബാര്‍ഡിന് നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. മൂന്ന് തട്ടിലുള്ള കേരളത്തിലെ സഹകരണ ബാങ്കിംഗ് മേഖലയെ രണ്ട് തട്ടിലുള്ള സംവിധാനമാക്കുന്നതിന് സഹകരണ ബാങ്കുകളുടെ ലയനത്തിന് അനുമതി നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറിയായിരിക്കെ നളിനി നെറ്റോ അപേക്ഷ നല്‍കിയത്. റിപ്പോര്‍ട്ടര്‍ ഫോളോഅപ്.

2017 ആഗസ്ത് 31 നാണ് അപേക്ഷ നല്‍കിയത്. 14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാനസഹകരണ ബാങ്കും ലയിപ്പിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കണമെന്നാണ് ചീഫ് സെക്രട്ടറി ആവശ്യപ്പെടുന്നത്.

1,600 ഓളം വരുന്ന പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് സാങ്കേതിക സഹായം അടക്കം നല്‍കുന്നതിന് ലയനത്തിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. കേരളാ ബാങ്കിനെക്കുറിച്ച് പഠിച്ച ശ്രീരാം കമ്മറ്റി റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനസഹകരണ ബാങ്ക് ഐഡിബിഐ ബാങ്കിന്റെ സബ് മെമ്പര്‍ഷിപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത് സംസ്ഥാനബാങ്കിന് എല്ലാ ആധുനിക ബാങ്കിങ് സംവിധാനങ്ങള്‍ക്കുമുള്ള സഹായങ്ങളും നല്‍കുന്നത് ഐഡിബിഐ ബാങ്കാണ്.

ലയനത്തിന് അനുമതി ലഭിച്ചാലും പ്രാഥമിക ബാങ്കുകള്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കാന്‍ സംസ്ഥാന സഹകരണ ബാങ്കിന് കഴിയാതെ വരും. ലയനം കൊണ്ട് മാത്രം കേരളാ ബാങ്കിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കാനാവില്ലെന്ന് അര്‍ത്ഥം. ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍, എടിഎം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കണമെങ്കില്‍ സംസ്ഥാന സഹകരണ ബാങ്ക് റിസര്‍വ് ബാങ്കില്‍ നിന്നും നേരിട്ട് ലൈസന്‍സ് നേടിയെടുക്കേണ്ടി വരും. ലയനത്തിന് മാത്രമായി അപേക്ഷിക്കുമ്പോള്‍ ഇത് തന്നെയാണ് ആശങ്കയുണ്ടാക്കുന്നതും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top