യുഡിഎഫ് നേതൃയോഗം ഇന്ന്; മാണിയെ തിരികെ കൊണ്ടുവരാന്‍ ഊര്‍ജിത നീക്കം

തിരുവനന്തപുരം: യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം. ജെഡിയു മുന്നണി വിട്ടതിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗമാണ് നടക്കുന്നത്. കെഎം മാണിയുടെ കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ യോഗത്തില്‍ നടപടികള്‍ കൈക്കൊള്ളും.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി യോഗം നടന്നിരുന്നു. ഇതില്‍ മാണിയെ തിരിക കൊണ്ടുവരുന്നത് സംബന്ധിച്ച സജീവമായ ചര്‍ച്ചകള്‍ നടന്നതായാണ് സൂചന. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് മാണിയെയും കൂട്ടരെയും മുന്നണിയിലെത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മാണിയെ തിരികെ കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സമവായം ആയിട്ടുണ്ടെന്നാണ് വിവരം.

മാണി താത്പര്യം പ്രകടിപ്പിച്ചാല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ തന്നെ വ്യക്തമാക്കി. അതേസമയം, തത്കാലം ഒരു മുന്നണിയിലേക്കും ഇല്ലെന്ന നിലപാട് കഴിഞ്ഞ ദിവസവും മാണി ആവര്‍ത്തിച്ചിരുന്നു. മുന്നണിയിലേക്ക് ക്ഷണിച്ച കോണ്‍ഗ്രസിന് അദ്ദേഹം നന്ദിയും പറഞ്ഞു. പക്ഷേ യുഡിഎഫിലേക്ക് മടങ്ങില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് സ്വാധീനമുണ്ട്. ഈ സാഹചര്യത്തിലാണ് ആസന്നമായിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്‍പ് മാണി വിഭാഗത്തെ തിരികെ എത്തിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. സിറ്റിംഗ് സീറ്റായിരുന്ന ചെങ്ങന്നൂര്‍ കഴിഞ്ഞ തവണ 7,500 ഓളം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന് നഷ്ടമായത്. അത് എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top