പത്മാവത്; തിയേറ്ററുകള്‍ക്ക് പുറത്ത് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് സിഒഎഇഐ

പത്മാവത് ചിത്രത്തിലെ ദൃശ്യം

ദില്ലി: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് പുറത്ത് സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സിനിമ ഓണേഴ്‌സ് ആന്‍ഡ് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍(സിഒഎഇഐ) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് തിയേറ്ററുകള്‍ വേണ്ട വിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അസോസിയേഷന്‍ നിര്‍ദ്ദേശം നല്‍കി.

പത്മാവത് പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിനെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളിലുമായി വ്യാപക പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് പുറത്ത് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കാട്ടി സിഒഎഇഐ രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ്, തെലങ്കാന, ഹരിയാന സംസ്ഥാനങ്ങളില്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ പത്മാവതിന്റെ പോസ്റ്റര്‍ അഗ്നിക്കിരയാക്കുകയും ടിക്കറ്റ് കൗണ്ടര്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

ചിത്രം വിലക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രിംകോടതി തള്ളി. ചിത്രത്തിന്റെ റിലീസ് തീയതി മാറ്റില്ലെന്നും, റിലീസിനോടനുബന്ധിച്ച് ഏതെങ്കിലും വിധത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ അത് നേരിടേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും കോടതി വ്യക്തമാക്കി. ജനുവരി 25 നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

DONT MISS
Top