ലോയ കേസ്: അതീവഗൗരവതരമെന്ന് സുപ്രിം കോടതി

ബിഎച്ച് ലോയ

ദില്ലി: സിബിഐ പ്രത്യേക ജഡ്ജി ബിഎച്ച് ലോയയുടെ ദുരൂഹമരണം അതീവഗൗരവമുള്ളതാണെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ലോയയുടെ ദുരൂഹമരണത്തില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎം ഖാന്‍വില്‍ക്കര്‍ എന്നിവര്‍കൂടി ഉള്‍പ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഉണ്ടെങ്കില്‍ അത് മാധ്യമങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാരിന് കൈമാറാമെന്ന് കോടതി വ്യക്തമാക്കി. രാജ്യത്തെ ജുഡീഷ്യറിയില്‍ വന്‍പ്രതിസന്ധി സൃഷ്ടിച്ച ലോയ കേസില്‍ വളരെ നിര്‍ണായകമായ നിരീക്ഷണമാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. കേസ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാധ്യമ പ്രവര്‍ത്തകനായ ബന്ധുരാജ് സാംബാജി ലോണും കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനവാലയുമാണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസ് നേരത്തെ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, മോഹന്‍ എം ശാന്തന ഗൗഡര്‍ എന്നവരുടെ ബെഞ്ചായിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ ജനുവരി 16 ന് ഹര്‍ജി പരിഗണിച്ച ശേഷം അരുണ്‍ മിശ്ര കേസില്‍ നിന്ന് പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വന്നത്. ജനുവരി 16 ന് കേസ് പരിഗണിച്ചപ്പോള്‍ കോടതിയുടെ മുന്‍നിര്‍ദേശപ്രകാരം ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണരേഖകളും മഹാരാഷ്ട്ര സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു. രേഖകള്‍ അതീവരഹസ്യസ്വഭാവം ഉള്ളതാണെന്നും പരസ്യപ്പെടുത്തരുതെന്നും മഹാരാഷ്ട്രസര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹാരിഷ് സാല്‍വെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരസ്യപ്പെടുത്താന്‍ അനുയോജ്യമായ രേഖകള്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറണം എന്ന് ജസ്റ്റിസ് മശ്രയുടെ ബെഞ്ച് നിര്‍ദേശിച്ചു. തുടര്‍ന്നാണ് മിശ്ര കേസില്‍ നിന്ന് പിന്‍മാറുന്നതായി വ്യക്തമാക്കിയത്.

മഹാരാഷ്ട്രസര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ ഹാരിഷ് സാല്‍വെയും മുകുള്‍ റോത്ത്ഗിയും കേസില്‍ ഇനി അന്വേഷണം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇതിനെ മഹാരാഷ്ട്ര അഭിഭാഷക അസോസിയേഷന് വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ എതിര്‍ത്തു. കൂടാതെ ഹാരിഷ് സാല്‍വെ കേസില്‍ ഹാജരാകുന്നതിനെയും ദവെ ചോദ്യം ചെയ്തു. സാല്‍വെ സൊറാബുദ്ദീന്‍ കേസില്‍ നേരത്തെ ഹാജരായിട്ടുണ്ടെന്നും അതിനാല്‍ പിന്‍മാറണമെന്നും ദവെ ആവശ്യപ്പെട്ടു. എന്നാല്‍ കോടതിക്ക് ആരെങ്കിലും പിന്‍മാറണമെന്ന് നിര്‍ദേശിക്കാനാകില്ലെന്നും അത് അവരവരുടെ മനസാക്ഷിക്ക് അനുസരിച്ച് ചെയ്യേണ്ട കാര്യമാണെന്നു ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

കേസില്‍ പരാതിക്കാരില്ലെന്നായിരുന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയ രണ്ടാമത്തെ വാദം. ലോയയുടെ മകന് ഇപ്പോള്‍ പരാതിയില്ലെന്ന് മുകുള്‍ റോത്ത്ഗി അഭിപ്രായപ്പെട്ടു. എന്നാല്‍ ലോയയുടെ അച്ഛനും സഹോദരിയും ഇപ്പോഴും പരാതിക്കാരാണെന്ന് ദവെ ചൂണ്ടിക്കാട്ടി. മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 2015 ല്‍ വിരമിക്കുന്നതിന് നാല് ദിവസം മുന്‍പ് ലോയയുടെ മകനെ ചേംബറില്‍ വിളിച്ചുവരുത്തി പരാതിയില്ലെന്ന് പറയാന്‍ അവശ്യപ്പെട്ടെന്ന് ദവെ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സുപ്രധാനമായ രേഖകള്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും ദവെ പറഞ്ഞു. ഇതിന് ശേഷമാണ് കേസ് അതീവഗൗരവതരമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിരീക്ഷിച്ചത്. 25 മിനിട്ട് നീണ്ടുനിന്ന വാദത്തിനിടയില്‍ ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് ഒന്നും മിണ്ടിയില്ല എന്നതും ശ്രദ്ധേയമായി.

DONT MISS
Top