യുപിയില്‍ ‘കാവിവല്‍ക്കരണം’ തുടരുന്നു; ഹജ്ജ് ഹൗസുകള്‍ക്ക് പിന്നാലെ പാര്‍ക്കുകളും ഡിവൈഡറുകളും കാവിനിറത്തിലേക്ക്

മതിലിന് കാവി നിറം അടിക്കുന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ‘കാവിവല്‍ക്കരണം’ തുടരുന്നു. ഹജ്ജ് ഹൗസുകള്‍ക്ക് കാവിനിറം നല്‍കാനുള്ള തീരുമാനത്തിന് പിന്നാലെ പാര്‍ക്കുകള്‍ക്കും പൊതുനിരത്തിലെ ഡിവൈഡറുകള്‍ക്കും കാവിയടിക്കാനാണ് പുതിയ തീരുമാനം.

ഹജ്ജ് ഹൗസുകള്‍ക്ക് കാവി നിറമടുക്കാനുള്ള തീരുമാനം വന്‍പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ക്കുകള്‍ക്കും ഡിവൈഡുറുകള്‍ക്കും കാവി നിറം നല്‍കാനുള്ള തീരുമാനം. ലഖ്‌നൗവിലെ ഗോമതി നഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ്​ ​പാര്‍ക്കുകള്‍ക്കും ഡിവൈഡറുകള്‍ക്കും കാവിനിറം നല്‍കിയിരിക്കുന്നത്​.

കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിക്കുകയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുകയും ചെയ്തതിന് പിന്നാലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും പൊതുമന്ദിരങ്ങള്‍ക്കും കാവിനിറം നല്‍കാന്‍ തുടങ്ങിയത്​. എന്നാല്‍ ഹജ്ജ് ഹൗസുകള്‍ക്ക് കാവിയടിക്കാനുള്ള തീരുമാനം വന്‍വിവാദമായതിനെ തുടര്‍ന്ന് ഇതില്‍ നിന്ന് അധികൃതര്‍ പിന്‍മാറിയിരുന്നു.

സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി നിര്‍മിച്ച കക്കൂസുകള്‍ക്ക് കാവിനിറം അടിച്ചസംഭവം ഏറെ വിവാദമായെങ്കിലും തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്നോട്ടുപോയിരുന്നില്ല. പൊലീസ് സ്റ്റേഷനുകള്‍, പ്രൈമറി സ്‌കൂളുകള്‍ തുടങ്ങിയവയും കാവിനിറമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ ബസുകളുടെ നിറം കാവിയാക്കാനും ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

DONT MISS
Top