ഇവര്‍ക്കും താമസിക്കാന്‍ ഒരിടം വേണ്ടേ…? കടലോരമക്കളുടെ ജീവിതം ഇനിയും കാണാതിരിക്കരുത്

ആലപ്പുഴ: കടല്‍ ക്ഷോഭത്തിനിരയായി വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മോചനം ലഭിച്ചിട്ടില്ല. വീടും സ്ഥലവും ലഭ്യമാക്കാന്‍ ഫിഷറീസ് വകുപ്പില്‍ നിന്ന് പത്ത് ലക്ഷം രൂപ ഓരോ കുടുംബത്തിനും അനുവദിച്ചുവെങ്കിലും ഇതുവരെ പണം ലഭ്യമായിട്ടില്ല. ഉണ്ടായ കിടപ്പാടം നഷ്ടപ്പെട്ടിട്ടും പ്രതീക്ഷകളുമായാണ് ഇവര്‍ ഓരോ ദിനവും തള്ളി നീക്കുന്നത്.

മൂന്ന് വര്‍ഷം മുന്‍പ് അനുവദിച്ച ദുരിതാശ്വാസ ക്യാംപുകളായ പുറക്കാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും പഴയ പഞ്ചായത്ത് ഓഫീസിലുമായി 86 കുടുംബങ്ങളായിരുന്നു താമസിച്ചിരുന്നത്. രാവന്തിയോളം പണിയെടുത്തുണ്ടാക്കിയ കിടപ്പാടം ഒറ്റ രാത്രികൊണ്ട് കടലെടുത്തപ്പോള്‍ ഇവരുടെ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീണു.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ച ഇവരെ പിന്നീടാരും തിരിഞ്ഞ് നോക്കിയിട്ടില്ല. ക്യാമ്പുകളിലെ ജീവിതം മടുത്ത പലരും ബന്ധു വീടുകളെയും മറ്റും ആസ്രയിച്ച് പോയി. എന്നാല്‍ മറ്റുള്ളവര്‍ എങ്ങനെയൊക്കയോ ജീവിതം തള്ളിനീക്കുന്നു. കിടപ്പാടം കടലെടുത്ത് പോയവര്‍ക്ക് വീടിനും സ്ഥലത്തിനും സ്ഥലത്തിനും ഫിഷറീസ് വകുപ്പില്‍ നിന്ന് പത്തുലക്ഷം രൂപ ഓരോ കുടുംബത്തിനും അനുവധിച്ചുവെങ്കിലും ഇതുവരെ പണം ലഭ്യമായിട്ടില്ല.

സ്ഥലത്തിനും വീടിനുമായി അനുവദിച്ച പണം ലഭിക്കുമെന്ന് കരുതി സ്ഥലത്തിന് അഡ്വാന്‍സ് നല്‍കിയ പലരുടേയും തുക നഷ്ടപ്പെട്ടു. വീടില്ലാത്തവര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ പല പദ്ധതികളും കടലാസില്‍ ഒതുങ്ങുകയാണെന്നതിന്റെ നേര്‍രേഖ ചിത്രമാണ് ഇവരുടെ ദുരിതം പേറുന്ന ജീവിതം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top