സഹപാഠികളുടെ സമ്പാദ്യം കീര്‍ത്തനയെ ജീവിതത്തിലേക്ക് നയിക്കും

ആലപ്പുഴ: സഹപാഠിയുടെ ചികിത്സാ ചെലവിനായി വ്യത്യസ്തമായ രീതിയില്‍ പണം കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ആലപ്പുഴയിലെ മുഹമ്മ കെ ഇ കാര്‍മ്മല്‍ സ്‌കൂളിലെ കീര്‍ത്തനയുടെ ചികിത്സക്കായാണ് സ്‌കൂളില്‍ ഫുഡ്‌ഫെസ്റ്റ് നടത്തി പണം സ്വരൂപിച്ചത്. കീര്‍ത്തനക്കായി കുട്ടികള്‍ ഒരുക്കിയ സംരഭത്തില്‍ മാതാപിതാക്കളും നാട്ടുകാരും പങ്കാളികളായി.

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കീര്‍ത്തനയുടെ അതിജീവനത്തിനായാണ് സഹപാഠികള്‍ മനസറിഞ്ഞ് കൈകോര്‍ത്തത്. മുഹമ്മ കെ ഇ കാര്‍മ്മല്‍ സ്‌കുളിലെ വിദ്യാര്‍ത്ഥികള്‍ സുഹൃത്തായ കീര്‍ത്തനയുടെ ചികിത്സാ ചെലവിനായി പണം കണ്ടെത്തുവാന്‍ തയ്യാറായപ്പോള്‍ അധ്യാപകരും വീട്ടുകാരും ഒരേ മനസോടെ ഒപ്പം നിന്നു. കുട്ടികളുടെ നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ച് ചികിത്സക്കായി പണം കണ്ടെത്തി.

വീടുകളില്‍ നിന്ന് വിവിധയിനം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവന്നു. വ്യത്യസ്തമായ രുചിക്കൂട്ടുകള്‍ നുകരാന്‍ മാതാപിതാക്കളും നാട്ടുകാരും പങ്കാളികളായി. ഭക്ഷണം കഴിക്കാന്‍ കുറഞ്ഞ നിരക്കിലുള്ള കൂപ്പണുകളും സജ്ജമാക്കി. സഹപാഠിക്ക് കൈത്താങ്ങാകാന്‍ കുട്ടികളുടെ നല്ല മാതൃകകള്‍ അനുകരണീയമാണെന്ന് പ്രഥമ അധ്യാപിക പറഞ്ഞു.

പണം കണ്ടെത്താന്‍ ഫുഡ് ഫെസ്റ്റിനൊപ്പം മൈലാഞ്ചി ഇട്ട് നല്‍കുകയും വിവിധ മത്സരങ്ങളും നടത്തി. കുരുന്ന് കൈകള്‍ ഒറ്റ ദിവസം കൊണ്ട് മൂന്നര ലക്ഷം രൂപ സംഘടിപ്പിച്ചു. ക്യാന്‍സര്‍ ബാധിച്ച കീര്‍ത്തനയ്ക്ക് ബോണ്‍മാരോ ചികിത്സക്കായാണ് ഫണ്ട് വിനിയോഗിക്കുക. ചികിത്സ കഴിഞ്ഞ് കീര്‍ത്തനയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് സഹപാഠികള്‍.

DONT MISS
Top