മോദിക്കും സര്‍ക്കാരിനും എതിരെ വിമര്‍ശനം: പ്രവീണ്‍ തൊഗാഡിയ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടികള്‍ക്ക് ആര്‍എസ്എസ്

പ്രവീണ്‍ തൊഗാഡിയ

ദില്ലി: നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചതിന് പ്രവീണ്‍ തൊഗാഡിയ അടക്കമുള്ളവര്‍ക്കെതിരെ ആര്‍എസ്എസ് കടുത്ത നടപടികള്‍ക്ക് ഒരുങ്ങുന്നു. തൊഗാഡിയ, ബിഎംഎസ് ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ, വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റ് രാഘവ് റെഡ്ഡി എന്നിവരെ നിലവിലെ പദവികളില്‍ നിന്ന് നീക്കിയേക്കും. മൂന്നുപേരും സ്വന്തം അജണ്ടയാണ് നടപ്പാക്കുന്നതെന്നും സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇവര്‍ നേതൃത്വം നല്‍കുന്ന സംഘടനകള്‍ക്ക് കഴിയുന്നില്ലെന്നുമാണ് ആര്‍എസ്എസ് വിലയിരുത്തല്‍.

വ്യാജഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാന്‍ പദ്ധതിയിട്ടെന്നാരോപിച്ച് നാടകീയ നീക്കങ്ങള്‍ നടത്തിയ പ്രവീണ്‍ തൊഗാഡിയ സര്‍ക്കാരിനും സംഘടനയ്ക്കും നാണക്കേട് ഉണ്ടാക്കിയെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടുന്ന തൊഗാഡിയ അടക്കമുള്ളവരെ നിലവിലെ പദവികളില്‍ നിന്ന് മാറ്റാന്‍ നടപടികള്‍ തുടങ്ങിയത്. വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റായ പ്രവീണ്‍ തൊഗാഡിയയെ സ്ഥാനത്തു നിന്ന് നീക്കാന്‍ ഫെബ്രുവരി അവസാനത്തോടെ നിര്‍വാഹകസമിതി യോഗം വിളിച്ചു ചേര്‍ക്കും.

വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റായ രാഘവ് റെഡ്ഡിയും വ്യക്തി താത്പര്യങ്ങള്‍ നടപ്പാക്കാന്‍ സംഘടനയെ ഉപയോഗിക്കുന്നുവെന്നാണ് വിലയിരുത്തല്‍. തൊഴിലാളി സംഘടനയായ ബിഎംഎസ് ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായയ്ക്കും വിനയായത് സര്‍ക്കാരിനെതിരായ നിലപാടാണ്. സംഘപരിവാറില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിനായുള്ള പരമോന്നത സമിതിയായ പ്രതിനിധിസഭ മാര്‍ച്ചില്‍ യോഗം ചേരാന്‍ ഇരിക്കുകയാണ്. അതിന് മുമ്പ് നിലവിലെ നേതാക്കളെ മാറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനാണ് നീക്കം.

സര്‍ക്കാരുമായി സംഘടനകള്‍ ഏറ്റുമുട്ടരുതെന്നും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നുമാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ നിര്‍ദേശം. അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഒഴിവാക്കാന്‍ നിലവിലെ നേതൃത്വത്തെ മാറ്റേണ്ടത് അനിവാര്യമാണെന്നും അഭിപ്രായമുണ്ട്. ഡിസംബറില്‍ ചേര്‍ന്ന വിഎച്ച്പി നിര്‍വാഹക സമിതി യോഗത്തില്‍ റെഡ്ഡിയെ മാറ്റി ഹിമാചല്‍ ഗവര്‍ണ്ണര്‍ വിഎസ് കോക്‌ജെയെ നേതൃത്വത്തില്‍ എത്തിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ റെഡ്ഡിയെയും തൊഗാഡിയയെയും പിന്തുണയ്ക്കുന്നവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top