ദീപികയുടെ ശരീരം മറച്ച് പത്മാവതിലെ പുതിയ നൃത്തരംഗം [വീഡിയോ]

തുടക്കം മുതല്‍ തന്നെ ഏറെ വിവാദങ്ങളുണ്ടാക്കിയ ചിത്രമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത്. തുടര്‍ച്ചയായ വിവാദങ്ങളെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് സിനിമയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം ഈ മാസം 25ന് പ്രദര്‍ശനത്തിനെത്തുന്നത്. സെന്‍സറിംഗിന് ശേഷം നിരവധി മാറ്റങ്ങളാണ് ചിത്രത്തിലുണ്ടായിരിക്കുന്നത്. ചിത്രത്തില്‍ ദീപികയുടെ നൃത്തമടങ്ങിയ ഗൂമര്‍ എന്ന ഗാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയുള്ള വീഡിയോ പുറത്തിറങ്ങി.

ഗാനത്തിന്റെ ആദ്യം പുറത്തിറങ്ങിയ വീഡിയോയില്‍ നിന്ന് വ്യത്യസ്ഥമായി ദീപികയുടെ വസ്ത്രങ്ങളില്‍ മാറ്റം വരുത്തിയാണ് പുതിയ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ദീപികയുടെ ശരീരം പൂര്‍ണമായും മറച്ചുകൊണ്ടുള്ളതാണ് പുതിയ ഗാനത്തിന്റെ വീഡിയോ.

ഈ മാസം 25 നാണ് പത്മാവത് സിനിമയുടെ റിലീസ്. ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു പത്മാവതിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കണമെന്നും വിവാദമായേക്കാവുന്ന ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

ചിത്രം തുടങ്ങുന്നതിന് മുന്‍പും ഇടവേള സമയത്തും ചിത്രത്തിന് യഥാര്‍ത്ഥ സംഭവവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണമെന്നും അണിയറ പ്രവര്‍ത്തകരോട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം തുടക്കം മുതല്‍ തന്നെ ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. രണ്‍വീര്‍ സിംഗും ദീപികാ പദുക്കോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപിക ചിത്രത്തില്‍ പത്മാവതിയായും രണ്‍വീര്‍ ചിത്രത്തില്‍ അലാവുദീന്‍ ഖില്‍ജിയായും എത്തുന്നു. ചലച്ചിത്രത്തില്‍ പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്നും ഇത് തങ്ങളുടെ വികാരം വ്രണപ്പടുത്തുന്നതാണെന്നും വ്യക്തമാക്കി രജപുത് കര്‍ണിസേന എന്ന സംഘടനയാണ് പ്രധാനമായും പ്രതിഷേധവുമായെത്തിയത്.

പ്രതിഷേധത്തെ തുടര്‍ന്ന് പത്മാവതിന് ആറ് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം കഴിഞ്ഞ ദിവസം  സുപ്രിം കോടതി സ്‌റ്റേ ചെയ്തിരുന്നു. സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ ചിത്രത്തിന് സംസ്ഥാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഇടപെടല്‍.

നേരത്തെ ഡിസംബര്‍ ഒന്നിന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതില്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് നിര്‍മാതാക്കള്‍ റിലീസിംഗ് മാറ്റിവെക്കുകയായിരുന്നു. സിനിമയുടെ പ്രമേയം പൂര്‍ണമായും ഭാവനയാണോ, ചരിത്രസംഭവമാണോ എന്ന കോളത്തില്‍ നിര്‍മാതാക്കള്‍ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ ബോര്‍ഡ് തയ്യാറാകാതിരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top