പുരോഹിതരുടെ പീഡനം; ഇരകളോട് ക്ഷമ ചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

ഫ്രാന്‍സിസ് മാര്‍പാപ്പ

സാന്റിയാഗോ: പുരോഹിതരുടെ പീഡനത്തിനിരയായ കുട്ടികളോട് ക്ഷമ ചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ചിലിയില്‍ വൈദികരുടെ പീഡനത്തിനിരയായ കുട്ടികളെ സന്ദര്‍ശിച്ചപ്പോഴായിരുന്നു മാര്‍പാപ്പ ക്ഷമ ചോദിച്ചത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച മാര്‍പാപ്പ ശക്തമായി അപലപിച്ചു.

പുരോഹിതരുടെ പീഡന കഥകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മാര്‍പാപ്പയുടെ ചിലി സന്ദര്‍ശനം. താന്‍ ദുഖിതരോടൊപ്പം ആണെന്ന് പറഞ്ഞ അദ്ദേഹം, ഇരകളായ കുട്ടികളുടെ ദുഖം മനസ്സിലാക്കുന്നുവെന്നും ഗൗരവമുള്ളതും പൈശാചികവുമായ പ്രശ്‌നത്തെ തരണം ചെയ്യാന്‍ താന്‍ ശ്രമിക്കുമെന്നും ഉറപ്പ് നല്‍കി. ചില പുരോഹിതരുടെ ഹീനമായ നടപടി സഭയ്ക്ക് നാണക്കേടുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത കാലത്തായി ചിലിയിലെ കത്തോലിക്ക് പള്ളികള്‍ക്ക് കീഴില്‍ നടക്കുന്ന ബാലപീഡനങ്ങളുടെ എണ്ണം ക്രമാധീതമായി വര്‍ധിച്ചുവരികയാണ്. ഭരണാധികാരികളും ജഡ്ജിമാരും മറ്റ് അധികൃതരും ഉള്‍പ്പെടുന്നവരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് തന്റെ ദുഖവും അമര്‍ഷവും മാര്‍പാപ്പ തുറന്നുപറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കത്തോലിക് ചര്‍ച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി.

DONT MISS
Top