ഞങ്ങള്‍ക്കുമുണ്ട് ഒരു ലോകോത്തര സ്‌ട്രൈക്കര്‍; ഞങ്ങളുടെ സ്വപ്‌നങ്ങളെ ചുമലിലേറ്റിയവന്‍

ബിനു തോമസ്‌

ഐഎസ്എല്ലിന്റെ കഴിഞ്ഞ സീസണുകളില്‍ എല്ലാം (ആദ്യ സീസണ്‍ ഒഴികെ) കേരളം ബുദ്ധിമുട്ടിയത് ഒരു മികച്ച സ്‌ട്രൈക്കര്‍ ഇല്ലാത്തതിനാലായിരുന്നു. ഫൈനലില്‍ എത്തിയപ്പോള്‍ പോലും ഒട്ടനവധി ന്യൂനതകള്‍ ടീമിനുണ്ടായിരുന്നു. ഗോളടിക്കാന്‍ ലഭിച്ച അവസരങ്ങള്‍ കളഞ്ഞുകുളിക്കാന്‍ കേരളാ താരങ്ങള്‍ മത്സരിച്ചു. ഈയവസരങ്ങിളിലെല്ലാം ആരാധകരുടെ മനസില്‍ ഹ്യൂമുണ്ടായിരുന്നു.

കേരളത്തെ ഒന്നാം സീസണില്‍ ചുമലിലേറ്റിയ, ടീമില്‍ ഇല്ലാതിരുന്നിട്ടും കേരളത്തിന്റെ കളി കാണാനെത്തുന്ന, ഒരിക്കല്‍പോലും ബ്ലാസ്‌റ്റേഴ്‌സിനെ ഗോളടിച്ച് വേദനിപ്പിക്കാത്ത ഇയാന്‍ ഹ്യൂം ഉണ്ടായിരുന്നെങ്കില്‍ എത്രമികച്ചതായിരുന്നേനെ രണ്ടാം സീസണും മൂന്നാം സീസണും! മാഴ്‌സലീന്യോയെയും ഫോര്‍ലാനെയുമെല്ലാം കൊല്‍ക്കത്തയുടെ ക്യാമ്പില്‍ ഹ്യൂമിനേയും കാണുമ്പോഴെല്ലാം കേരളത്തിന്റെ ആരാധകര്‍ കൊതിച്ചു, ഇതുപോലൊരു സ്‌ട്രൈക്കര്‍ നമുക്കുമുണ്ടായിരുന്നെങ്കില്‍ എന്ന്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നാലാം സീസണിലും ഹ്യൂമിനെ പുനെ റാഞ്ചുന്ന ഘട്ടമെത്തി. മികച്ച സ്‌ട്രൈക്കര്‍മാരെയെല്ലാം സ്വന്തമാക്കുന്ന തിരക്കിലായിരുന്നു പൂനെ. മാഴ്‌സലീന്യോയും ഹ്യൂമുമായിരുന്നു പൂനെയുടെ പഥമ ലക്ഷ്യം. ഹ്യൂം പൂനെയില്‍ എന്ന് മലയാളത്തിലെ മുന്‍നിര പത്രം വാര്‍ത്ത നല്‍കി. എന്നാല്‍ അവസാന നിമിഷം കരാറില്‍നിന്ന് തെന്നിമാറി ഹ്യൂം കേരളത്തിന്റെ ക്യാമ്പിലെത്തി. കേരളം എത്ര തുകയാണ് പ്രതിഫലം തരാന്‍ ഉദ്ദേശിക്കുന്നത്, അതില്‍ സംതൃപ്തനാണ് എന്ന രീതിയിലാണ് ഹ്യൂം സമീപിച്ചതും. ഒറ്റദിവസംകൊണ്ട് കാര്യത്തില്‍ വ്യക്തതവന്നു. ആരാധകരുടെ ഹ്യൂമേട്ടന്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സില്‍!

നവംബറില്‍ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ ഹ്യൂം ഇങ്ങനെപറഞ്ഞു, ‘ഞങ്ങള്‍ കപ്പ് നേടും. ആരാധകര്‍ക്കുവേണ്ടി’. ഇത്തരത്തില്‍ ഹ്യൂം ബ്ലാസ്റ്റേഴ്‌സിനേയും ആരാധകരേയും അതിരറ്റ് സ്‌നേഹിച്ചു. എന്നാല്‍ ലീഗ് ആരംഭിച്ചപ്പോള്‍ ആരാധകരെ മനസിലാക്കാത്ത ഒരു സമീപനം കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍ സ്വീകരിക്കുന്നതായി തോന്നി. ഹ്യൂമിനെ കളിക്കാനിറക്കിയില്ല പല കളികളിലും. അവസാന മിനുട്ടുകളില്‍ ഗ്രൗണ്ടിലേക്കിറക്കി പലപ്പോഴും അദ്ദേഹത്തെ നാണം കെടുത്തി. ഐഎസ്എല്ലിലെ എക്കാലത്തേയും ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ക്കാണ് ഈ ദുര്‍ഗതി വന്നതെന്ന് ഓര്‍ക്കണം. ലഭിച്ച അവസരങ്ങളില്‍ അദ്ദേഹം പ്രതിഭയുടെ മിന്നായങ്ങള്‍ പ്രകടിപ്പിച്ചു.

സിഫിനിയോസിന്റെ ഗോളുകളായിരുന്നു ഹ്യൂമിനെ പുറത്തിരുത്തിയതിന്റെ പ്രധാന കാരണം. എന്നാല്‍ സിഫിനിയോസിനെ അളന്ന്കുറിക്കാന്‍ കോച്ചിന് കഴിഞ്ഞില്ല. സിഫിനിയോസ് അടിച്ച എല്ലാ ഗോളുകളുടെയും ക്രെഡിറ്റുകള്‍ പോകുന്നത് അസിസ്റ്റുകള്‍ക്കാണെന്നതില്‍ ഒരു സംശയവുമില്ല. ഗോളടിക്കാതിരിക്കാന്‍ ഒരുരക്ഷയുമില്ലാത്ത ഒരു അവസ്ഥയിലാണ് അദ്ദേഹം വലകുലുക്കിയതെല്ലാം. എന്തെങ്കിലുമൊരു പഴുതുണ്ടായിരുന്നെങ്കില്‍ അവയെല്ലാം അദ്ദേഹം നഷ്ടപ്പെടുത്തുമായിരുന്നുവെന്ന് പറയുന്നത് ഒരു അതിശയോക്തിയല്ല. മുപ്പത്തിയേഴ് വയസുകാരനായ ബ്രൗണ്‍ കളിക്കുന്നതെങ്കിലും ഇരുപത് വയസുകാരനായ സിഫിനിയോസ് പാഠമാക്കേണ്ടതാണ്.

എന്നാല്‍ സാഹചര്യം കൃത്യമായി വിലയിരുത്തിയ ഡേവിഡ് ജെയിംസിന്റെ ആദ്യ ഇലവനില്‍ സിഫിനിയോസ് ഇല്ലായിരുന്നുവെന്നത് ശ്രദ്ധേയമായി. ബെര്‍ബറ്റോവ് തളരുന്നതുവരെ അദ്ദേഹത്തെ കളിപ്പിച്ച് ശേഷം സിഫിനിയോസിനെ ഇറക്കാനായിരുന്നു പദ്ധതി. എന്നാല്‍ പരുക്കുമൂലം ബെര്‍ബറ്റോവ് നേരത്തേതന്നെ കളമൊഴിഞ്ഞ വിടവില്‍ ഒന്നാം പകുതിക്ക് മുമ്പേ സിഫിനിയോസെത്തി.

അവസരം ലഭിച്ച ഹ്യൂം സാഹചര്യങ്ങളെ തന്റേതാക്കി മാറ്റി. പൂനെയുമായുള്ള കളി മാത്രമെടുത്താല്‍ത്തന്നെ മനസിലാകും അദ്ദേഹത്തിന്റെ കഠിനാധ്വാനം. പ്രായം ഒരു സംഖ്യമാത്രമാണെന്ന് തെളിയിക്കുന്ന ഊര്‍ജ്ജം. പന്ത് കാലിലെത്തിക്കഴിഞ്ഞാല്‍ ബ്ലാസ്റ്റേഴ്‌സിന് ഉണ്ടാകുന്ന ആത്മവിശ്വാസം. ഡെല്‍ഹിക്കെതിരെ ഹാട്രിക്കിലൂടെ ഐഎസ്എല്ലിലെ ഏറ്റവും മികച്ച താരം തിരിച്ചുവന്നത് തികച്ചും സ്വാഭാവികമായ ഒരു കാര്യമായിരുന്നു. ഇന്നലെയല്ലെങ്കില്‍ ഇന്നോ നാളെയോ അത് സംഭവിക്കുമായിരുന്നു.

ഹ്യൂമിന്റെ കാലുകളില്‍ പന്തെത്തിയാല്‍ വലിയ അപകടമാണെന്ന് തിരിച്ചറിഞ്ഞ മുംബൈ അദ്ദേഹത്തെ മാര്‍ക്ക് ചെയ്ത് പൂട്ടി. എന്നിട്ട് സംഭവിച്ചതെന്താണ്? ഹ്യൂമിന്റെ പ്രതിഭ മുംബൈയെ മറികടന്നു. പെക്കൂസന്റെ നീക്കം ഹ്യൂമിന് ആവശ്യമുള്ളതിലേറെയായിരുന്നു. അതിന്റെ പകുതി അവസരം സൃഷ്ടിച്ചിരുന്നെങ്കില്‍ പോലും ഹ്യൂം വലകുലുക്കുമായിരുന്നുവെന്നത് മൂന്നുതരം. സിഫിനിയോസിന് ഒന്നിലധികം മികച്ച അവസരങ്ങള്‍ അദ്ദേഹം ഒരുക്കിനല്‍കി. ഉയര്‍ന്നുവന്ന പല പന്തുകളും നിയന്ത്രിച്ച് സിഫിനിയോസിന് നല്‍കി. എന്നാല്‍ ഹ്യൂമിന്റെ കാലുകളെ വായിച്ചെടുക്കുന്നതില്‍ സിഫിനിയോസ് പരാജയപ്പെട്ടു.

ഇപ്പോള്‍ ഹ്യൂം തന്റെ സ്വതസിദ്ധമായ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു എന്നതിലപ്പുറം ഒരു പ്രത്യേകതയുമില്ല. ഹ്യൂം പരാജയപ്പെടുന്നുവെന്ന അഭിപ്രായം ചിലസ്ഥലങ്ങളിലുണ്ടായാല്‍ അത് അദ്ദേഹത്തെ മനസിലാക്കുന്നതില്‍ അയാള്‍ പരാജയപ്പെടുന്നുവെന്നുതന്നെ അര്‍ത്ഥം. പ്രതിരോധത്തിലും മിഡ്ഫീല്‍ഡിലും മുന്‍നിരയിലും ഹ്യൂമുണ്ടാകും. ബ്ലാസ്റ്റേഴ്‌സിനെ അഥവാ ഈ ക്ലബ്ബിനെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ആരാധകരെ എടുത്താല്‍ ഹ്യൂം അവിടെയുമുണ്ടാകും. കാരണം ഹ്യൂം ഒരു കളിക്കാരനും ഒരു ആരാധകനുമാണ്. ആരാധകര്‍ ആരാധിക്കുന്നതിലേറെ ഹ്യൂം അവരെ തിരിച്ച് ആരാധിക്കുന്നു.

കുടുംബത്തോടൊപ്പമാണ് അദ്ദേഹം കേരളത്തിലേക്ക് കളികാണാന്‍വേണ്ടിമാത്രം വരാറുള്ളതെന്ന് നമുക്കറിയാം. ഒരു രണ്ടാം വീടുപോലെ ഈ നാടിനെ അദ്ദേഹം സ്‌നേഹിക്കുന്നു. കുറച്ചുകളികളില്‍ ഗോള്‍ നേടിയില്ല എന്നുകരുതി ഹ്യൂം അവശേഷിപ്പിച്ചതൊന്നും ഇവിടെനിന്നും വിട്ടുപോകില്ല. ഹ്യൂമിന്റെ ഇഷ്ടം നേടിയും കൊടുത്തും നീങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനും വിളിച്ചുപറയാം ഞങ്ങള്‍ക്കുമുണ്ട് ഒരു കളിക്കാരന്‍ എന്ന്. അര്‍ദ്ധാവസരങ്ങള്‍ പോലും പാഴാക്കാത്തയാള്‍. പല ടീമുകള്‍ക്കും അസൂയയുളവാക്കുമാറ് ഒരു കളിക്കാരന്‍, ഹ്യൂമേട്ടന്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top