വിമര്‍ശനമുനയില്‍ റൊണാള്‍ഡോ; റയലില്‍ നെയ്മറെ കൊണ്ടുവരാന്‍ നീക്കം

റൊണാള്‍ഡോ

മാഡ്രിഡ്: മാഡ്രിഡില്‍ രോഷം പുകയുകയാണ്. രോഷത്തിന്റെ മുനയില്‍ ഇതിഹാസതാരം റൊണാള്‍ഡോയും. അഞ്ചാം ‘ബാലന്‍ ഡി ഓര്‍’ നേടിയതൊന്നും അവര്‍ കണക്കിലെടുക്കുന്നതേയില്ല. റൊണാള്‍ഡോയുടെ കാലം കഴിഞ്ഞുവെന്ന് സമര്‍ത്ഥിക്കുന്ന സാങ്കേതിക നിരീക്ഷണങ്ങള്‍ക്കും കുറവില്ല. ഇതുവരെ മാധ്യമങ്ങള്‍ ഓര്‍ക്കാതിരുന്ന സൂപ്പര്‍ താരത്തിന്റെ പ്രായവും അതിന്റെ പരാധീനതകളും ഇപ്പോള്‍ പത്രങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴിവെക്കുന്നു.

നൂറില്‍ എഴുപതുവരെ ഉയര്‍ന്ന് നിന്ന റൊണാള്‍ഡോയുടെ ഗോള്‍ സ്‌കോറിംഗ് മികവുകള്‍ ഇപ്പോള്‍ വെറും ആറിലേക്ക് താണിരിക്കുന്നുവെന്ന് കഴിഞ്ഞ പത്ത് മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രമുഖ പത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഗോള്‍ നേടാനുള്ള മെസിയുടെ മികവിന്റെ കണക്കുകളേയും അവര്‍ കൂട്ടുപിടിക്കുന്നുണ്ട്. റൊണാള്‍ഡോയെ വാഴ്ത്താന്‍ ദിവസവും പേജുകള്‍ തന്നെ നീക്കിവെയ്ക്കുന്ന പത്രങ്ങളാണ് വിപരീത വാര്‍ത്തകള്‍ കൊണ്ട് നിറയുന്നത്. ‘മുണ്ടോ ഡിപ്പോര്‍ട്ടീവോ’ എന്ന പത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് നിരാശനായി നില്‍ക്കുന്ന റൊണാള്‍ഡോയുടെ മുഴുനീള ചിത്രവുമായാണ്.

ഗോളടിക്കുന്നതിലല്ല ഗോള്‍ അടിക്കാതിരിക്കുന്നതിനാണ് റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള താരങ്ങള്‍ മത്സരിക്കുന്നതെന്നാണ് പത്രങ്ങളെല്ലാം ഒരേ ശ്വാസത്തില്‍ ആക്ഷേപിക്കുന്നത്. സ്വന്തം മൈതാനമായ ബെര്‍ണബൂവില്‍ തുടര്‍ച്ചയായി രണ്ടാം മത്സരവും തോറ്റതോടെയാണ് മാധ്യമങ്ങളുടെ രോഷമുയര്‍ന്നത്. മത്സരത്തില്‍ വിയ്യാ റയലിന് ഒരവസരം മാത്രമാണ് ലഭിച്ചത്. അതവര്‍ ഗോളാക്കുകയും ചെയ്തു. എന്നാല്‍ റയലിന് ധാരാളം അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷെ അതില്‍ ഒന്നുപോലും ഗോളാക്കാനായില്ലെന്നും പത്രങ്ങള്‍ എഴുതുന്നു. മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് മൂന്നവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നുപോലും ഗോളായില്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ അദ്ദേഹത്തിന് ഒരു ഗോള്‍പോലും സ്‌കോര്‍ ചെയ്യാനായിട്ടുമില്ല. ടീമിനെ ജയിപ്പിക്കാന്‍ കഴിയാത്ത താരങ്ങളെ സംരക്ഷിക്കേണ്ട കാര്യം ക്ലബ്ബിനെന്താണെന്നും അവര്‍ ചോദിക്കുന്നുണ്ട്.

2009-ല്‍ റയലില്‍ ചേര്‍ന്നശേഷം റൊണാള്‍ഡോ മാധ്യമങ്ങളുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനാകുന്നത് ആദ്യമാണ്. ലാലിഗയില്‍ 18 മത്സരങ്ങളില്‍ നിന്ന് 32 പോയിന്റ് മാത്രമാണ് റയലിനുള്ളത്. അതിനാല്‍ അടുത്തവര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനാകുമോ എന്ന ആശങ്കയും പത്രങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. 19 മത്സരങ്ങളില്‍ നിന്ന് 52 പോയിന്റുമായി ബാഴ്‌സലോണയാണിപ്പോള്‍ ഒന്നാം സ്ഥാനത്ത്. ഇവര്‍ തമ്മിലുള്ള പോയിന്റ് വ്യത്യാസത്തെ മറികടക്കാന്‍ റയലിന് കഴിഞ്ഞെന്ന് വരില്ല.

ഇതിനിടയില്‍ തങ്ങള്‍ മുങ്ങു കപ്പലിലാണെന്ന് റയലിന്റെ ബ്രസീലിയന്‍ താരം മാഴ്‌സലോ വെട്ടിത്തുറന്ന് പറഞ്ഞതും വലിയ വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്. റയലിനോടൊത്തുള്ള തന്റെ പതിനൊന്ന് വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഇതുപോലൊരവസ്ഥയെന്നും മാഴ്‌സലോ പറയുന്നു. നല്ല ഫുട്‌ബോള്‍ കളിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മൈതാനത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കുന്നുമുണ്ട്. പക്ഷേ എവിടെയാണ് തകരാറെന്ന് മനസിലാക്കാന്‍ കഴിയുന്നില്ല.

ഇതിനിടയില്‍ പാരിസ് സെന്റ്‌ജെയ്മനില്‍ നിന്ന് നെയ്മറെ കൊണ്ടുവരാനുള്ള ശ്രമവും റയല്‍ സജീവമാക്കിയിട്ടുണ്ട്. നെയ്മര്‍ക്ക് പകരമായി റൊണാള്‍ഡോയേയും കൈമാറും. ബാക്കി തുകയായും നല്‍കാനാണ് നീക്കം. റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീനോപെരസാണ് ഈ നീക്കത്തിന് പിന്നിലെന്നും ‘ദി സണ്‍’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് റയല്‍.

DONT MISS
Top