ശ്രീജിത്ത് ഒറ്റയ്ക്കല്ല; നീതിയ്ക്കായുള്ള അവന്റെ പോരാട്ടത്തിന് പിന്തുണയുമായി താരങ്ങള്‍

തിരുവനന്തപുരം: പാറശാലയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊലചെയ്യപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ മരണത്തില്‍ സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് പ്രമുഖരും. നടി പാര്‍വതി, നടന്‍മാരായ പൃഥ്വിരാജ്, ജോയ് മാത്യു, കായിക താരം സികെ വിനീത് എന്നിവരാണ് നീതിയ്ക്കായുള്ള ആ യുവാവിന്റെ പോരാട്ടത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും സമരത്തിന് വലിയതോതിലുള്ള പിന്തുണയാണ് ലഭിച്ചത്.  ആയിരകണക്കിനാളുകളാണ് നവമാധ്യമ കൂട്ടായ്മ വഴി കഴിഞ്ഞ ദിവസം ശ്രീജിത്തിന് പിന്തുണയര്‍പ്പിച്ച് സമരപന്തലില്‍ എത്തിചേര്‍ന്നിരുന്നത്.  സിനിമ താരം ടോവിനോ തോമസും, കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും സമരപന്തലിലെത്തി ശ്രീജിത്തിനെ സന്ദര്‍ശിച്ചിരുന്നു.

ശ്രിജിത്തിന് പിന്തുണയുമായി നടി പാര്‍വതി രംഗത്തെത്തി. നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കാതിരിക്കാനാവില്ലെന്ന് പാര്‍വതി പറയുന്നു. സത്യം ആരും ഒരാളും നീതി നിഷേധിക്കപ്പെട്ടു ഇരുട്ടിൽ നിർത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും. അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളിൽ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളിൽ പലരും ചൂണ്ടാൻ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങൾ. പാര്‍വതി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ശ്രീജിത്തിന് പിന്തുണയുമായി നടന്‍ പൃഥ്വിരാജും രംഗത്തെത്തി. ആധുനിക കാലത്ത് എല്ലാവരും മറന്നു പോകുന്ന മനുഷ്യത്വത്തെയാണ് ശ്രീജിത്ത് ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നതെന്ന് പൃഥ്വി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിങ്ങള്‍ ഈ സമരം ചെയ്യുന്നത് സ്വന്തം സഹോദരനും കുടുംബത്തിനും വേണ്ടിയായിരിക്കാം. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പോരാട്ടം നിശബ്ദതയും സമാധാനപരമായ സമരങ്ങളും മറന്ന ഒരു തലമുറയ്ക്ക് മുന്നില്‍ പ്രതീക്ഷയുടെ ആള്‍രൂപമായി മാറുകയാണ് നിങ്ങള്‍ ചെയ്തത്. നിങ്ങള്‍ തേടികൊണ്ടിരിക്കുന്ന സത്യം ലഭ്യമാവട്ടെ, നിങ്ങള്‍ക്ക് അര്‍ഹിക്കുന്ന നീതി നിങ്ങള്‍ക്ക് ലഭ്യമാകട്ടെ- പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശ്രീജിത്തിന്റെ സമരത്തിന് ആദ്യം മുതല്‍ തന്നെ പിന്തുണയറിയിച്ച താരമാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ശ്രീജിത്തിന് വേണ്ടി സോഷ്യല്‍ മീഡിയ ഒന്നിച്ചപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയതാണ് ജോയ് മാത്യു. 761 എന്നത് ഒരിക്കലും ചെറിയ സംഖ്യയല്ലെന്നും ശ്രീജിത്തിന് പിന്തുണയേകുന്ന യുവ മുന്നേറ്റത്തിന് ഐക്യദാര്‍ഢ്യം നേരുന്നുവെന്നും ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശ്രീജിത്തിന്റെ നീതിയ്ക്കായുള്ള പോരാട്ടത്തിന് പിന്തുണയര്‍പ്പിച്ച് കായിക താരം സികെ വിനീതും രംഗത്തെത്തി. നീതിയ്ക്കായുള്ള നിന്റെ പോരാട്ടത്തില്‍ ഞങ്ങളും അണിചേരുന്നു എന്ന് പറഞ്ഞുകൊണ്ട് ബ്ലാസ്റ്റേഴ്‌സിലെ മറ്റൊരു മലയാളി താരം റിനോ ആന്റോയ്‌ക്കൊപ്പമുള്ള ചിത്രമുള്‍പ്പെടെയാണ് വിനീത് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സഹോദരന്‍ ശ്രീജിത്ത് കഴിഞ്ഞ 764 ദിവസങ്ങളായാണ് സമരം ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശം ഉയര്‍ന്ന സംഭവമായിരുന്നു ശ്രീജിവിന്റെ മരണവും, അനുജന് നീതിതേടിയുളള ശ്രീജിത്തിന്റെ സമരവും. ശ്രീജിത്തിന്റെ സമരം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

DONT MISS
Top